സംഭരണിയിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്യുന്നതിനായി ഡ്രഡ്ജറും ബോട്ടും മറ്റ് യന്ത്രങ്ങളും മംഗലംഡാമിലെത്തിച്ചു. ഉടൻ ജോലികൾ തുടങ്ങുമെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർ കമ്പനി ധർത്തി ഡ്രഡ്ജിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ചെളിനീക്കാൻ തിരഞ്ഞെടുക്കുന്ന ആദ്യ അണക്കെട്ടാണ് മംഗലംഡാം. ഔദ്യോഗിക ഉദ്ഘാടനം സംബന്ധിച്ച് തീരുമാനങ്ങളായിട്ടില്ല. പണി തുടങ്ങിയാൽ ഒരുദിവസം 3,000 ക്യുബിക് മീറ്റർ ചെളി സംഭരണിയിൽനിന്ന് നീക്കംചെയ്യും. ചൊവ്വാഴ്ച ക്രെയിൻ ഉപയോഗിച്ച് സംഭരണയിൽ ബോട്ട് ഇറക്കി. ജീവനക്കാർക്ക് പോകാനും ഡ്രഡ്ജറിലേക്കുവേണ്ട ഇന്ധനവുംമറ്റും കൊണ്ടുപോകുന്നതിനുമാണ് ബോട്ട്.