കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിർവഹിച്ചു
വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഭാഗമായുള്ള നാട്യഗൃഹത്തിന്റെ നവീകരണ പ്രവര്‍ത്തനോദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി നിര്‍വഹിച്ചു. മഹാകവി കുഞ്ചൻ നമ്പ്യാർ ആക്ഷേപ ഹാസ്യത്തിലൂടെ ജാതി, മത, വർഗ്ഗ വിവേചനത്തിന് എതിരെ ശബ്ദിച്ചിരുന്നുവെന്നും തുള്ളൽ കലാരൂപത്തെ ജനകീയമാക്കിയത് കവിയുടെ മഹത്തായ സംഭാവനയാണെന്നും മന്ത്രി ഓർമിപ്പിച്ചു. കുഞ്ചൻ നമ്പ്യാരുടെ ജന്മഗ്രഹം കൂടിയായ സ്മാരകം സംരക്ഷിക്കേണ്ടതും കാലാകാലങ്ങളിൽ നവീകരിക്കേണ്ടതും മലയാളിയുടെ കടമയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വിവിധ കലാരൂപങ്ങൾ അരങ്ങേറുന്നതിനും വിദ്യാർത്ഥികളുടെ കലാ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള വേദിയായി നാട്യഗൃഹം മാറുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ-നിയമ- സാംസ്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് അധ്യക്ഷനായി .
സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനും കലാ-സാംസ്കാരിക രംഗത്ത് മുന്നേറ്റം ഉണ്ടാക്കാനും സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക ശ്രദ്ധയുടെ ഭാഗമാണ് നാട്യഗൃഹത്തിന്റെ നവീകരണ പ്രവർത്തനങ്ങളെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരളത്തിന്റെ കലാ- സാഹിത്യ-സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ ഒളപ്പമണ്ണ, വി. ടി ഭട്ടതിരിപ്പാട്, സത്യൻ, പ്രേംനസീർ, തുടങ്ങിയവർക്ക് സ്മാരകം നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ടൂറിസം വകുപ്പില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നാട്യഗൃഹം നവീകരിക്കുന്നത് . നാട്യശാലയുടെ സൗണ്ട് പ്രൂഫിംങ്ങ്, നിലം, ഭിത്തി, മേല്‍ക്കൂര, സ്റ്റേജ്, ഗ്രീൻ റൂം ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് നടത്തുന്നത് . ഡി.ടി.പി.സിയ്ക്കാണ് നിര്‍മ്മാണ ചുമതല. പി ഉണ്ണി എം.എല്‍.എ, ടൂറിസം വകുപ്പ് ഡയറക്ടർ ബാലകിരൺ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമൻ, കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ, സെക്രട്ടറി എ.കെ ചന്ദ്രൻ കുട്ടി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.ഐ സുബൈർ കുട്ടി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് എന്നിവർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്