മറ്റൊരു അധ്യാപക ദിനം കൂടി വരികയാണ്. സത്യത്തിൽ അധ്യാപകദിനം ആർക്കുവേണ്ടിയാണ് നാം ആചരിക്കുന്നത്? അധ്യാപകർക്ക് വേണ്ടിയാണോ വിദ്യാർഥികൾക്ക് വേണ്ടിയാണോ? അതോ ഇതുരണ്ടും അല്ലാത്തവർക്ക് വേണ്ടിയോ?
അധ്യാപക ദിനത്തിന് ഇന്ന് അധ്യാപകരെ ആദരിക്കുന്ന പതിവുണ്ട്. നല്ലതുതന്നെ. എന്നാൽ ഇതുകൊണ്ട് മതിയോ? സത്യത്തിൽ ഗുരുശിഷ്യബന്ധം വഴി രൂപപ്പെടുന്ന വിനിമയത്തിന്റെ വലിയ പ്രപഞ്ചത്തെയാണ് അധ്യാപകദിനം പ്രതിനിധീകരിക്കുന്നത്. അറിവിന്റെയും വിജ്ഞാനത്തിന്റെയും വലിയ സാമൂഹിക ബന്ധത്തെയാണ് അത് ആഘോഷിക്കുന്നത്. മനുഷ്യർ തമ്മിലുള്ള ഏറ്റവും വിശുദ്ധ ബന്ധമായി അത് അറിയപ്പെടുന്നു.അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. സ്വന്തം ജന്മദിനത്തിന് അടുത്തുള്ള അധ്യാപകരെ മുഴുവൻ വിളിച്ചുകൂട്ടി യോഗം നടത്തിയ അദ്ദേഹം അധ്യാപകരുടെ വലിയ കൂട്ടായ്മ ലക്ഷ്യമിട്ടു. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അടുത്ത തലമുറയിലേക്ക് ആശയങ്ങളും നന്മയും പകർന്നുകൊടുക്കുന്ന മഹാശയന്മാരായി അധ്യാപകരെ അദ്ദേഹം മനസ്സിലാക്കി.
സർഗാത്മക സന്തോഷത്തിന്റെ വാഹകരാണ് അധ്യാപകർ എന്ന് ടാഗോർ പറയുന്നത് അധ്യാപകരുടെ മേന്മ മനസ്സിലാക്കിയാണ്. അധ്യാപകർ പഠിപ്പിക്കുക മാത്രമല്ല വിജ്ഞാനം നേടേണ്ടത് എങ്ങനെയാണെന്ന് കൂടിയാണ് പഠിപ്പിക്കുന്നത്. സമൂഹം നാളെ എന്തായി തീരണം എന്ന് വിധി എഴുതുന്നവരാണ് അധ്യാപകർ. എന്നാൽ കുട്ടികളുടെ തലച്ചോറിലേക്ക് വെറുതെ അറിവ് കുത്തി നിറക്കുന്നവർ ആകരുത് അധ്യാപകർ. അനുഭവങ്ങൾ പഠിപ്പിക്കുന്നവ രാവണം.മനുഷ്യനിലുള്ള സമ്പൂർണതയെ ആവിഷ്കരിക്കാൻ പഠിപ്പിക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു.
വിദ്യാർഥികളെയും അതുവഴി ഭാവി സമൂഹത്തെയും വിശാലമായ ഒരു ലോകത്തേക്ക് വഴിതുറക്കുന്ന ധാർമിക പ്രവർത്തനമാണ് അധ്യാപകർ ചെയ്യുന്നത്.എന്നാൽ ഇക്കാര്യം ഇന്ന് എത്ര അധ്യാപകർക്ക് അറിയാം എന്നതും ഒരു ചോദ്യമാണ്. എന്നാൽ മുഴുവൻ പ്രതീക്ഷയും നശിച്ചിട്ടില്ല. ക്രിയാത്മക മായി പ്രവർത്തിക്കുന്ന അധ്യാപകർ ഇനിയും ഈ നാട്ടിൽ ജനിക്കും. മനുഷ്യനെ കൂടുതൽ ഉയർന്ന സ്വപ്നങ്ങൾ കാണുവാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ ഉടലെടുക്കും. ഇത്തരം പ്രതീക്ഷകളാണ് ഈ അധ്യാപക ദിനത്തിൽ എനിക്ക് ഉള്ളത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വർച്വൽ അധ്യാപകരെയാണ് ഇന്ന് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഓൺലൈൻ ക്ലാസുകളിൽ അധ്യാപകനും വിദ്യാർത്ഥിയും അകലങ്ങളിലാണ്. ഈ അധ്യാപകദിനം പോലും ആചരിക്കപ്പെടുക ഓൺലൈനായാണ്.മാറിക്കൊണ്ടിരിക്കുന്ന അധ്യാപക സങ്കല്പത്തിലെ മറ്റൊരു ഉദാഹരണമാണ് ഇത്.