പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്തിലെ 15 വാർഡുകളിലേക്കും യു.ഡി.എഫ് സ്ഥാനാർഥികളെ നിശ്ചയിച്ച് ദിവസങ്ങളായിട്ടും ആറാം വാർഡ് സ്ഥാനാർഥിയില്ലാതെ അനിശ്ചിതത്വത്തിലായതിന് പരിഹാരം. പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും 25 വർഷം പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എ.വി. ഗോപിനാഥ് ആറാം വാർഡ് മണിയമ്പാറയിൽ മത്സരിക്കാൻ തീരുമാനിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കൂടിയാണ് ഇദ്ദേഹം. 2015ൽ അഞ്ചാം വാർഡായ പെരുവലയിൽ ജയിച്ചാണ് പ്രസിഡൻറായത്. ഇൗ വാർഡ് വനിതാ സംവരണമായതിനാലാണ് ആറാം വാർഡിൽ മത്സരിക്കുന്നത്. ബുധനാഴ്ചവരെ മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. വൈകീട്ടോടെയാണ് സമ്മതമറിയിച്ചത്. വ്യാഴാഴ്ച പത്രിക സമർപ്പിക്കും. ഇത്തവണ പഞ്ചായത്ത് പ്രസിഡൻറ് പദവി വനിതാ സംവരണമാണ്.