പാലക്കാട്: പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാന് പിന്തുണയുമായി പ്ലാച്ചിമട സമരസമിതി പ്രവർത്തകരും ജില്ലയിലെ സാമൂഹിക പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. പ്ലാച്ചിമട സമരസമിതി ചെയർമാൻ വിജയൻ അമ്പലക്കടവ്, വൈസ് ചെയർമാൻ വി.എസ് രാധാകൃഷ്ണൻ, സമര സമിതി നേതാവായ ആറുമുഖൻ പത്തിച്ചിറ, ആദിവാസി സംരക്ഷണ സംഘം നേതാവ് നീലിപ്പാറ മാരിയപ്പൻ,കർഷക സംഘം നേതാവ് വി.പി നിജാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ സാമൂഹിക പ്രവർത്തകർ എം.സുലൈമാൻ്റെ പ്രചരണത്തിനിറങ്ങിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിൻ്റെ നന്മക്കായി പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന എം.സുലൈമാനെപ്പോലുള്ളവർ ജനപ്രതിനിധികളായി വരണമെന്നതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി പ്രചരണം നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. കൊക്കക്കോള വിരുദ്ധ സമരത്തിലും ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിലുമടക്കം ജില്ലയിലെയും സംസ്ഥാനത്തെയും നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് എം.സുലൈമാൻ.