സാമൂഹ്യ നീതിയുടെ രാഷ്ട്രീയമുയർത്തി വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം ഡിസംബർ 4ന്
പാലക്കാട് : സാമൂഹ്യ നീതിയുടെ രാഷ്ട്രീയമുയർത്തി ഒരു പതിറ്റാണ്ട് പിന്നിട്ട വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ പാലക്കാട് ജില്ലാ സമ്മേളനം ഡിസംബർ 4 ഞായറാഴ്ച പേഴുംകര നൂർമഹൽ ഓഡിറ്റോറിയത്തിൽ [ഗണേശൻ നഗറിൽ] വെച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയെ വംശീയ രാഷ്ട്രമാക്കാൻ മുന്നോട്ട് പോകുന്ന സംഘ്പരിവാർ നിയന്ത്രിത കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടങ്ങൾ പാർട്ടി സംഘടിപ്പിച്ചു വരുന്നു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി രാജ്യത്ത് ഏകാധിപത്യ ഭരണകൂടം എന്ന ഫാസിസ്റ്റുകളുടെ താല്പര്യമാണ് ഹിന്ദു രാഷ്ട്ര ക്യാമ്പയിനിലൂടെ ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇ.ഡി അടക്കമുള്ള കേന്ദ്രസർക്കാരിന്റെ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിനെതിരെ യോജിച്ച മുന്നേറ്റത്തിനാണ് പാർട്ടി ശ്രമിക്കുന്നത്.
രാജ്യത്ത് സാമൂഹ്യ നീതി പുലരുന്ന സാമൂഹികക്രമം കെട്ടിപ്പടുക്കാൻ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടി. വിവിധ സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടുകൾ പറയുകയും ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സാമ്പത്തിക സംവരണം പോലുള്ള ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ലംഘിക്കുന്ന ഭരണകൂട പദ്ധതികളെ നിരന്തരമായി ചോദ്യം ചെയ്യുന്നു. സംഘ് പരിവാറിൻ്റെ വംശീയ ഉന്മൂലന അജണ്ടകളെ തുറന്നെതിർക്കുകയും ജനകീയമായ ചെറുത്തുനിൽപ്പുകൾക്ക് നേതൃ പരമായ പങ്ക് വഹിക്കുകയും ചെയ്യുന്നു. ജില്ലയിൽ പ്ലാച്ചിമട സമരം , ഗോവിന്ദാപുരം അംബേദ്കർ കോളനി, വാളയാർ സമരം തുടങ്ങിയ സമരങ്ങളിലും പാർട്ടി സജീവമായി ഇടപെട്ടു വരുന്നു. ജില്ലയിലെ ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭങ്ങളിലും നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്.
യൂണിറ്റ് മുതൽ ദേശീയതലം വരെ സമ്മേളനങ്ങളും സംഘടനാ തെരഞ്ഞെടുപ്പും നടന്നുകൊണ്ടിരിക്കുന്നു സമയമാണിത്. ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി നടന്നുവന്ന സമ്മേളനങ്ങളിലൂടെ മുഴുവൻ യൂണിറ്റ് – പഞ്ചായത്ത് / മുനിസിപ്പൽ – മണ്ഡലം ഘടനകളും പുന:സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. സംഘടനാടിത്തറ ശക്തിപ്പെടുത്തിയാണ് മുഴുവൻ സമ്മേളനങ്ങളും പൂർത്തീകരിച്ചത്.
കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷം നടക്കുന്ന പാർട്ടിയുടെ പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം ഡിസംബർ 4ന് എം വി ഗണേശൻ നഗർ എന്ന് നാമകരണം ചെയ്ത പേഴുംകര നൂർമഹലിൽ വെച്ച് നടക്കും. രാവിലെ 9.30 ന് പതാക ഉയർത്തി ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുക്കും. ജില്ലയുടെ രാഷ്ട്രീയ-സംഘടനാ -പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചർച്ചകൾ നടത്തും. വ്യത്യസ്ത രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിക്കും. പുതിയ ജില്ലാ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.സമ്മേളനത്തിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷെഫീഖ്, സംസ്ഥാനസമിതി അംഗങ്ങളായ കൃഷ്ണൻ കുനിയിൽ,
ഡോ.അൻസാർ അബൂബക്കർ, ജില്ലാ പ്രസിഡണ്ട് പി എസ് അബുഫൈസൽ, ജനറൽ സെക്രട്ടറി മോഹൻദാസ് പറളി എന്നിവർ പങ്കെടുക്കും
ഡിസംബർ 27, 28, 29 തിയ്യതികളിലായി മലപ്പുറത്ത് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ്,
ജില്ലാ കമ്മിറ്റിയംഗങ്ങളായ
റിയാസ് ഖാലിദ്, സനോജ് എന്നിവർ പങ്കെടുത്തു