പാലക്കാട്
മഴയെത്തിയിട്ടും നഗരം ശുചീകരിക്കാതെ പാലക്കാട് നഗരസഭ. കോവിഡിനൊപ്പം നഗരത്തിൽ മാലിന്യവും കുന്നുകൂടുമ്പോൾ ഭരണസമിതിക്ക് അനക്കമില്ല. പ്രധാന റോഡുകളിലെല്ലാം മാലിന്യം നിറഞ്ഞു. ശുചീകരണത്തൊഴിലാളികളുടെ കുറവ് നഗരസഭ നികത്താത്തതും രാത്രികാല പട്രോളിങ് നിലച്ചതും മുതലെടുത്ത് നഗരത്തിലെ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്.
രാത്രികാല പട്രോളിങ് സംഘത്തിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. മാലിന്യനീക്കം മന്ദഗതിയിലാണ്. മഴ തുടങ്ങിയതോടെ നഗരത്തിന്റെ പല ഭാഗവും ചീഞ്ഞുനാറുകയാണ്.
പട്ടിക്കര ബൈപാസ്, മേപ്പറമ്പ് ബൈപാസ്, ചക്കാന്തറ പള്ളി പരിസരം, സുൽത്താൻപേട്ട മാതാകോവിൽ സ്ട്രീറ്റ്, കൽമണ്ഡപം കനാൽ പരിസരം എന്നിവിടങ്ങളിൽ മാലിന്യം കൂമ്പാരമായി കിടക്കുന്നു. മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിനുപുറമേ തെരുവുനായ്ക്കൾ റോഡിലേക്ക് കടിച്ചുകീറി ഇടുന്നതും പതിവാണ്. തെരുവു നായ്ക്കളും കന്നുകാലികളും നിറഞ്ഞ റോഡുകളിൽ വാഹനങ്ങളും അപകടത്തിൽപ്പെടുന്നു.
പാതയോരങ്ങള്‍ മാലിന്യം നീക്കം ചെയ്ത് പൂന്തോട്ടമാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും വിജയം കണ്ടിട്ടില്ല. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ട് കൊടുമ്പ് പഞ്ചായത്തിന്റെ പരിധിയിലാണുള്ളത്. ഇവിടെ സംസ്കരിക്കാവുന്നതിനേക്കാള് അളവ് മാലിന്യം എത്തിയതോടെ അത് കൂമ്പാരമായി. അതിന് തീപിടിക്കുകകൂടി ചെയ്തതോടെ കൊടുമ്പ് പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ടു. അതോടെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് നിത്യേന കൊണ്ടുപോകാവുന്ന തരംതിരിച്ച മാലിന്യത്തിന് അളവ് നിശ്ചയിക്കപ്പെട്ടു. ആദ്യ ദിവസങ്ങളിൽ ഇത് കാര്യക്ഷമമായി നടന്നെങ്കിലും നിലവിൽ മാലിന്യ സംസ്കരണത്തില്‍ നഗരസഭ ഇടപെടുന്നേയില്ല