ഒറ്റപ്പാലം: നഗരത്തിലും പത്തൊമ്പതാം മൈലിലും റോഡരികിൽ പഴക്കമേറിയ അറവുമാലിന്യം തള്ളിയ നിലയിൽ. നഗരത്തിൽ ന്യൂബസാറിന് സമീപവും പത്തൊമ്പതാം മൈലിൽ ഹൗസിങ് ബോർഡ് കോളനിക്ക് മുൻവശത്തുമാണ് കോഴിവേസ്റ്റും അറവുമാലിന്യവും ചാക്കുകളിലാക്കി തള്ളിയിരിക്കുന്നത്.
മാലിന്യത്തിന്റെ രൂക്ഷമായ ദുർഗന്ധംമൂലം സമീപത്തെ വ്യാപാരികളും യാത്രക്കാരും പൊറുതിമുട്ടി. ന്യൂബസാറിനുസമീപം നഗരസഭ സ്ഥാപിച്ചിട്ടുള്ള ക്യാമറയ്ക്ക് സമീപത്തുതന്നെയാണ് മാലിന്യം തള്ളിയിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ടുഭാഗത്തുമായി നൂറിലേറെ ചാക്കുകളിലായി തള്ളിയ മാലിന്യം രണ്ടുടണ്ണിലേറെ വരുമെന്ന് ശുചീകരണത്തൊഴിലാളികൾ അറിയിച്ചു. വ്യാപാരികൾ അറിയിച്ചതിനെത്തുടർന്ന് ഉച്ചയോടെ ശുചീകരണത്തൊഴിലാളികളെത്തി മാലിന്യം പനമണ്ണയിലെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാറ്റി.
ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മണ്ണിട്ടുമൂടി. മാലിന്യം തള്ളിയതാരെന്നറിയാൻ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കുന്നുണ്ട്. കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. മാലിന്യം നിക്ഷേപിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി പോലീസിലും പരാതി നൽകി