അട്ടപ്പാടിയിൽ വ്യാജമദ്യനിർമാണം വ്യാപകം
അട്ടപ്പാടി കുളപ്പടിയിൽ കണ്ടെത്തിയ വാഷും വാറ്റുപകരണങ്ങളുമായി വനപാലകർ.
അഗളി∙ ലോക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്.ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും ആയിരക്കണക്കിന് ലീറ്റർ വാഷ് ആണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വനപാലകരും എക്സൈസും പൊലീസും നശിപ്പിച്ചത്. വാഹന ഗതാഗതം
നിലച്ചതോടെ അട്ടപ്പാടിയിലേക്ക് പുറത്ത് നിന്നുമുള്ള മദ്യത്തിന്റെ കള്ളക്കടത്ത് നിലച്ചു. ഇതോടെ നാടൻ മദ്യത്തിന്റെ ഒഴുക്കായി. ഊരുകളോട് ചേർന്നുള്ള വിൽപന കേന്ദ്രങ്ങളിലേക്ക് പലയിടത്തു നിന്നും ആളുകളെത്തുന്നുണ്ട്. ഇത് കോവിഡ് വ്യാപനത്തിനും കാരണമാകുന്നതായി പരാതിയുണ്ട്. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ളവരും എത്തുന്നുണ്ട്. വ്യാജ മദ്യ നിർമാണത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.









