വാളയാർ മാതാപിതാക്കൾ മന്ത്രി ബാലനെക്കാണാൻ കാൽനടയായി പോകുന്നു. നവംബർ 10 മുതൽ 12 വരെ
വാളയാർ സമരം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ നിയമ പട്ടികജാതി വർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ശ്രീ എ കെ ബാലനെ കാണാനും സമരത്തിന്റെ ആവശ്യങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കാനും ഞങ്ങൾ പോകുന്നു. നവംബർ 10 നു വൈകീട്ട് മൂന്നു മണിക്ക് അട്ടപ്പള്ളത്തെ വീട്ടിൽ നിന്നും ആരംഭിച്ചു 12 നു ഉച്ചക്ക് 12 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി നേരിൽ കാണാനാണ് പോകുന്നത്. പലതരത്തിൽ പലവട്ടം വഞ്ചിക്കപ്പെട്ട മാതാപിതാക്കളാണ് ഞങ്ങൾ.
1 ) പുന്നല ശ്രീകുമാറിന്റെ വഞ്ചന: കുട്ടികളുടെ അമ്മയായ ഞാൻ കോടതിയിൽ സിബിഐ അന്വേഷണത്തിനായി ഹർജി നൽകുന്നു എന്നാണു എന്നോട് പുന്നല ശ്രീകുമാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞത്. ‘അമ്മ അതാവശ്യപ്പെട്ടാൽ സർക്കാർ അതിനു തടസ്സം നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതെല്ലാ മാധ്യമങ്ങളിലും അന്ന് വന്നതാണ്. പുന്നല ശ്രീകുമാറിന്റെ സഹായത്തോടെ ഞാൻ നൽകിയ ഹർജി എന്താണെന്ന് എനിക്കറിയുമായിരുന്നില്ല. വക്കീലും എന്നോടിക്കാര്യം പറഞ്ഞില്ല. എന്നാൽ ആ വക്കീലിൽ നിന്നും കേസ് തിരിച്ചു വാങ്ങി മറ്റൊരു വക്കീലിനെ ഏല്പിച്ചപ്പോഴാണ് അറിയുന്നത് സർക്കാർ നൽകിയ അപ്പീൽ പോലെ ഇതിലും കേവലം പുനർവിചാരണ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ അന്വേഷണം പോയിട്ട് പുനർ അന്വേഷണം പോലും അതിൽ ആവശ്യപ്പെട്ടിട്ടില്ല എന്ന്. യത്നിക്കു വലിയ ഷോക്കായിരുന്നു. സർക്കാർ അപ്പീലിന് സമാനമായ ഒരു അപ്പീൽ ഞാൻ കൊടുക്കുന്നതെന്തിനാണ്? ഇത് വഞ്ചനയാണ്.
2 ) ഈ കേസിൽ ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന സ്പെഷ്യൽ വക്കീൽ കഴിഞ്ഞദിവസം എന്റെ വീട്ടിൽ വരികയും കുട്ടികൾ കൊല്ലപ്പെട്ട മുറി പരിശോധിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ ഇതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. സമരം ശക്തിപ്പെട്ടപ്പോൾ എന്നെയോ ജനങ്ങളെയോ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണിതെന്നു സംശയിക്കുന്നു. ഈ കേസിൽ പുനരന്വേഷണം സാധ്യമല്ലെന്നും പുനർവിചാരണ മാത്രമേ സാധ്യമാകു എന്നും അവർ പറഞ്ഞതായി പത്രങ്ങളിൽ കണ്ടു. ഇത് ശരിയല്ലെന്നാണ് എന്റെ വക്കീൽ പറയുന്നത്. ഞങ്ങൾ ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നും അത് കോടതിയുടെ മേല്നോട്ടത്തിലായിരിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഞങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ അന്വേഷണത്തിന് തയ്യാറാണെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് നിയമമന്ത്രിയോട് നേരിൽ ചോദിക്കാനും കൂടിയാണ് ഞങ്ങൾ പോകുന്നത്.
സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു ശിക്ഷിക്കണമെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഇനിയെങ്കിലും മന്ത്രിക്കു മനസ്സിലാകും എന്ന് കരുതട്ടെ.
നിയമപരമായ വിശദീകരണം :
പുന്നല ശ്രീകുമാർ നിർദ്ദേശിച്ചതനുസരിച്ചു ‘അമ്മ നൽകിയ ഹർജിയുടെ പ്രെയർ ഇതോടൊപ്പം വക്കുന്നു. അതിൽ ആവശ്യപ്പെടുന്നത് പുനർവിചാരണ ( denova trial )നടത്തണമെന്നും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മാത്രമാണ്. വീണ്ടും അന്വേഷണം നടത്തണമെന്നില്ല. . ആറ് അപ്പീലുകളിലും ഇതേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
ഇത് തന്നെയാണ് സർക്കാർ പ്രത്യേക പ്രോസിക്യൂട്ടറും പത്രസമ്മേളനത്തിൽ പറഞ്ഞത്. പിന്നെന്തിനാണ് പുന്നല ഇങ്ങനെ ഒരു കേസ് കൊടുപ്പിച്ചത് എന്ന ചോദ്യം പ്രസക്തമാണ്.
വിചാരണയും വിധിയും കഴിഞ്ഞ ഒരു കേസിൽ പുനരന്വേഷണം സാധ്യമല്ലെന്ന പ്രോസിക്യൂട്ടറുടെ വാദം ശരിയല്ലെന്ന് CrPC യുടെ 300 (2) , 386 (എ) വ്യക്തമാക്കുന്നു.
ഒരേ കേസിൽ രണ്ട് പ്രാവശ്യം വിചാരണ ചെയ്യപ്പെടുന്നത് തടയുന്ന Section 300 in The Code Of Criminal Procedure, 1973 ൽ പോലും അതിന്റെ എ ഉപവകുപ്പിൽ കൃത്യമായി പറയുന്നു സംസ്ഥാന സർക്കാർ അനുവദിക്കുകയാണെങ്കിൽ പുനർ അന്വേഷണവും വിചാരണയും ആകാം എന്ന്.
ഇവിടെ ഒരു പുതിയ കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതി. പഴയ കേസിൽ കൊലപാതകം എന്ന കുറ്റം ഉൾപ്പെട്ടിട്ടേയില്ല. അന്വേഷണത്തിൽ അത് ചേർത്താൽ പുനർ അന്വേഷണവും വിചാരണയും സാധ്യമാണ്. ഇത് മറച്ചു വച്ചുകൊണ്ട് സർക്കാർ വാക്കേത് സംസാരിച്ചത് സർക്കാരിനെ സഹായിക്കാനും പ്രതികളെ രക്ഷിക്കാനും വേണ്ടിയാണ്.
ഈ കേസിൽ ഈ മാസം ഒമ്പതിന് കോടതിയിൽ കേസ് വരുമ്പോൾ അമ്മക്ക് വേണ്ടി ഹാജരാകുന്ന വക്കീൽ ഈ ആവശ്യം ഉന്നയിക്കുന്നതാണ്. ആ ഘട്ടത്തിൽ സർക്കാർ അതിനോട് എന്ത് സമീപനം എടുക്കും എന്നതാണ് നിർണ്ണായകം. ഇക്കാര്യം മന്ത്രി ബാലനെ ബോധ്യപ്പെടുത്താൻ കൂടിയാണ് ഈ യാത്ര.
യാത്രയുടെ വിശദവിവരങ്ങൾ :
നവ. 10 3 പിഎം മാതാപിതാക്കളുടെ വീട്ടിൽ നിന്നും ആരംഭം
അന്ന് വാകീട്ടു ആറുമണിക്ക് കഞ്ചിക്കോട് സത്രപ്പാടിയിൽ സമാപനം
നവ 11 രാവിലെ 9 .30 നു കഞ്ചിക്കോട് നിന്നും ഉത്ഘാടനം. വാകീട്ടു അഞ്ചു മണിക്ക് സ്റ്റഡിയും സ്റ്റാൻഡിൽ സമാപനം
നവ 12 രാവിലെ 10 നു സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ചു 12 മണിക്ക് മന്ത്രിയുടെ വീട്ടിൽ എത്തുന്നു.
കുട്ടികളുടെ മാതാപിതാക്കൾ
വാളയാർ നീതി സമരസമിതിക്കു വേണ്ടി
വിളയോടി വേണുഗോപാൽ ( ചെയർമാൻ)
വിഎം മാർസൺ ( കൺവീനർ)
സി.ആർ.നീലകണ്ഠൻ ( രക്ഷാധികാരി)