പരാതികളും ആക്ഷേപങ്ങളും വോട്ടർ പട്ടിക നിരീക്ഷകനെ( 9188905362 )അറിയിക്കാം
പ്രത്യേക സംക്ഷിപ്ത സമ്മതിദായകപ്പട്ടിക പുതുക്കൽ 2025 മായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തിന്റെ കരട് വോട്ടർ പട്ടിക ഇന്ന് (നവംബര്‍ 30) പ്രസിദ്ധീകരിക്കും. പാലക്കാട് മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും റവന്യൂ ഡിവിഷണൽ ഓഫീസിലും കരട് വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭ്യമാകുന്നതാണ്. വോട്ടർ പട്ടികയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും പുതുതായി കൂട്ടി ചേർക്കലുകൾ നടത്തുവാനും, തിരുത്തലുകൾ വരുത്തുവാനും, മരണമടഞ്ഞവരുടെയും സ്ഥലം മാറിപ്പോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും വിവരങ്ങൾ ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ ഡിസംബര്‍ 15 വരെ സമർപ്പിക്കാം. ഇതോടനുബന്ധിച്ച് പാലക്കാട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും, പാലക്കാട് താലൂക്ക് ഓഫീസിലും, റവന്യൂ ഡിവിഷണൽ ഓഫീസിലും അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടാവും. കൂടാതെ വോട്ടര്‍ ഹെല്‍പ് ലൈന്‍ (Voter Help Line) എന്ന മൊബൈൽ ആപ് വഴിയും, https://voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷ സമർപ്പിക്കാം. എല്ലാ അംഗീകൃത രാഷ്ട്രീയ കക്ഷികളും ജില്ലാ ഘടകത്തിന്റെ കത്ത് സഹിതം പാലക്കാട് താലൂക്ക് ഓഫീസിൽ നിന്നും വോട്ടർ പട്ടികയുടെ കരട് പട്ടിക കൈപ്പറ്റേണ്ടതാണ് എന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. സജീദ് അറിയിച്ചു.
പൊതുജനങ്ങൾക്കും രാഷ്ട്രീയകക്ഷികൾക്കും വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച വോട്ടർ പട്ടിക നിരീക്ഷകനെ (ഇലക്ടറൽ റോൾ ഒബ്‌സർവർ) 9188905362 എന്ന ഫോൺ നമ്പറിൽ അറിയിക്കാവുന്നതാണ്.