യുവകവിത്രി, ദീപ സന്തോഷ്
ഒരു പ്രണയദിനത്തിൽ..
ഹൃദയത്തിൽ നിന്നടർന്നുവീണൊരു
കുഞ്ഞു ചുവന്നനക്ഷത്രം
വെറും മണ്ണിൽ പുതഞ്ഞ്
നിറം വാർന്ന് കിടന്നിരുന്നു.
ജീവസ്സറ്റ് വേർപിരിയുമ്പോൾ
പൊട്ടിയ വയലിനിൽനിന്നുതിർന്ന
പാഴ്ശ്രുതി കേൾപ്പിച്ച്
ആരൊക്കെയോ അതിനെ
വേദനിപ്പിച്ചിരുന്നു.
മറ്റാരും കാണാതെ മനസ്സിൽ സൂക്ഷിച്ചൊരു
പനിനീർ പൂവിന്റെ മുള്ളുകൾകോറി
അങ്ങിങ്ങ് തിണർത്തും കോറിയും
അതിന് വല്ലാതെ നൊന്തിരുന്നു.
ഒരു വെളുത്ത കൈലേസിനരികിൽ
സ്നേഹനൂലാൽതുന്നിച്ചേർത്ത വാടാമല്ലികൾ
കാലംതെറ്റിപ്പെയ്ത പേമാരിയിൽ
അതിനോടൊപ്പം പൊഴിഞ്ഞുവീണിരുന്നു.
തിരിച്ച് ആഴ്ന്നിറങ്ങിപ്പോയൊരു തിരയായി
ഇനിയൊരിക്കലും കയറിവരാനാവാത്തവിധം
അത് ഒരു കടലിന്റെ ഭാരം
ചുമന്നിരുന്നു.
ഒരുപ്രണയദിനത്തിൽ
നിന്നെകാണുവാൻമാത്രം
പൂത്ത താഴ് വരയിലെ അവസാനചെടിയിലെ
അവസാനപുഷ്പമായ് ആ ചുവന്നനക്ഷത്രം
പുനർജ്ജനിച്ചിരുന്നു..
യുവകവിത്രി, ദീപ സന്തോഷ്