പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധനയെത്തുടർന്ന് സംഘർഷാവസ്ഥ.
അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെ സി പി എം, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന റൂമുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലീസ് കയറി പരിശോധിച്ചു.