വാളയാര്‍ വ്യാജമദ്യ ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്.
പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിനു നല്‍കി. തൃശൂര്‍ ഡിഐജി, പാലക്കാട് ജില്ലാ പോലിസ് മേധാവി എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നടപടി. കേസില്‍ അന്വേഷണ ഉദ്യാഗസ്ഥനെ അടക്കം തീരുമാനിക്കുന്നത് വരുംമണിക്കൂറുകളിലായിരിക്കും. വിഷ മദ്യം കോളനിയില്‍ എത്തിയതടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് അഞ്ചുപേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചത്. രാമന്‍ എന്നയാള്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചുകിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരുമണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ചൊവ്വാഴ്ച പോലിസ് നടത്തിയ പരിശോധനയില്‍ ചെല്ലങ്കാവിലെ അങ്കണവാടിക്ക് സമീപത്തുനിന്ന് കന്നാസില്‍ സൂക്ഷിച്ച ദ്രാവകം കണ്ടെത്തിയിരുന്നു. ഇത് വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണെന്നാണ് പ്രാഥമികനിഗമനം. 35 ലിറ്ററിന്റെ കന്നാസില്‍ പത്ത് ലിറ്ററോളം മാത്രമാണുണ്ടായിരുന്നത്. കോളനിവാസികള്‍ കുടിച്ചതിന്റെ ബാക്കിയാണ് ഇതെന്നാണ് സംശയം. മരിച്ച ശിവന്റെ വീട്ടില്‍നിന്ന് 250 മീറ്റര്‍ അകലെനിന്ന് കന്നാസ് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തിരുന്നു