വാർത്ത (രാമദാസ് ജി. കൂടല്ലൂർ)
ഒരുമയുടേയും, സാഹോദര്യത്തിന്റേയും പ്രതീകമായി കൂടല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കൂട്ടക്കളംകതിർമഹോത്സവത്തിന് സമാരംഭമായി. ഡിസംബർ 15,16,17 തിയ്യതികളിൽ കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കൂട്ടക്കളം കതിർമഹോത്സവത്തോടനബന്ധിച്ച് കൂടല്ലൂർ കിഴക്കേക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആർപ്പുവിളികളോടും, വാദ്യമേളങ്ങളുടെ അകമ്പടിയോടുംകൂടെ15-12-2021കാലത്ത് പതിനൊന്നരക്കു ശേഷം കൊണ്ടു വന്ന കൊടിമുള ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആചാരാനുഷ്ഠാനുങ്ങൾ പാലിച്ചുകൊണ്ട് നടന്ന കൂറതൂക്കി കൊടിമുള നാട്ടിയതോടെ ഉത്സവത്തിന് തുടക്കമായി.15-12-2021ന് രാത്രി കിഴക്കേക്കാവിൽനിന്നും ആരംഭിക്കുന്ന തായമ്പക ശീവേലി കാലത്ത് മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ എത്തുന്നതോടെ കതിർവീഴ്ചക്ക് ആരംഭമാകും.നാളെ കാലത്തും വൈകീട്ടും 9 മന്ദുകാരുടെ കതിരും, കുടയും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെത്തും.നാളെ 16-12-2021ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന തോറ്റംപാട്ട് 17-12-2021ന് രാത്രി അവസാനിക്കുന്നതോടെ വെട്ടിയാട്ടൽ ചടങ്ങോടുകൂടി ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്നു. കർഷകർ അവരുടെ വയലുകളിൽ വിളയിച്ചെടുത്ത നെല്ല് ഭഗവതിയുടെ തിരുനടയിൽ സമർപ്പിക്കുന്ന സുദിനം കൂടി ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒരുവയസ്സിൽ താഴെയുള്ള കൊച്ചുകുട്ടികളെക്കൊണ്ട് കൂറവെപ്പിക്കുന്നതും ഈ ഉത്സവത്തിന്റെ മറ്റൊരു പ്രധാന വഴിപാടാണ്. നെന്മാറ കോഴിക്കാട് ഭഗവതി ക്ഷേത്രത്തിലും, മറ്റു ദേവീക്ഷേത്രങ്ങളിലും ഈ ദിവസങ്ങളിൽ കതിരുത്സവം ആഘോഷിക്കുന്നുണ്ടെങ്കിലും കൊടുങ്ങല്ലൂരിൽ പാതി കൂടല്ലൂർ എന്നാണ് പ്രമാണം.