ഔദ്യോഗിക റീഡിങ് സ്റ്റേഷനുകളില്‍നിന്നും നൂറോളം ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളില്‍നിന്നുമുള്ള കണക്കുകളാണ് കാലാവസ്ഥാവകുപ്പ് പുറത്തുവിടുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് കാലാവസ്ഥാവിദഗ്ധർ നേരിട്ട് (മാന്വലി) താപനില രേഖപ്പെടുത്തുന്നത് 13 കേന്ദ്രങ്ങളിലാണ്. ഇവിടെനിന്നുള്ള താപനിലയെക്കാള്‍ ഓട്ടോമേറ്റഡ് സ്റ്റേഷനുകളില്‍നിന്നുള്ള താപനില ഉയർന്നുനില്‍ക്കുന്നതാണ് ആശയക്കുഴപ്പത്തിനുകാരണം. റെക്കോഡ് ചൂടെന്ന വാർത്ത പ്രചരിക്കുന്നത് പലപ്പോഴും ഓട്ടോമാറ്റഡ് സ്റ്റേഷനുകളില്‍നിന്നുള്ള കണക്കുകളാണ്.
ഔദ്യോഗിക സ്റ്റേഷനുകളില്‍നിന്നുള്ള കണക്കുകള്‍മാത്രമാണ് കാലാവസ്ഥാവകുപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുന്നത്. അതേസമയം, ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിലെ കണക്കുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ഈ സ്റ്റേഷനുകളിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ താപനില ഈവർഷം പലയിടങ്ങളിലും 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.
കഴിഞ്ഞ ദിവസം പാലക്കാട് കാഞ്ഞിരമ്ബുഴ ഡാം പ്രദേശത്ത് 45.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എന്നാല്‍, തിങ്കളാഴ്ച പാലക്കാട് അനുഭവപ്പെട്ട 41.5 ഡിഗ്രി ചൂടാണ് ഔദ്യോഗികമായി ഈ വർഷം രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില.
ഓട്ടോമേറ്റഡ് സ്റ്റേഷനുകളില്‍നിന്നുള്ള കണക്കുകള്‍ ചൂടു കൂടുന്നതിന്റെ ഗതിയറിയുന്നതിനു മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.