ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജില്ലാ ടൗൺപ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാവുകയും, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തു. ഉടൻതന്നെ ടെൻഡർ നോട്ടീസ് പുറത്തിറക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. മതിപ്പുവില 30 ലക്ഷം രൂപ കണക്കാക്കി 36 വാർഡുകളിൽ തെരുവുവിളക്കുകൾ പരിപാലനം നടത്താൻ ഉള്ള ഒരു വർഷത്തെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടിയാണ് പൂർത്തിയായത്. രണ്ടാഴ്ചക്കകം തെരുവുവിളക്കുകൾ തെളിയിക്കാനുള്ള പണികൾ തുടങ്ങുമെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബി ജെ പിയും തങ്ങളുടെ വാർഡുകളിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു . ഇതിനെ തുടർന്നാണ് നഗരസഭ ശരവേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.










