സാമൂഹ്യ അപചയങ്ങൾക്കെതിരെ വിദ്യാർഥികൾ ഉണർന്നിരിക്കണം – എസ് എസ് എഫ്
കൊപ്പം :സാമൂഹ്യ അപചയങ്ങൾക്കെതിരെ വിദ്യാർഥികൾ ഉണർന്നിരിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര . ഗ്രാമങ്ങളിൽ അസാൻമാർഗിക പ്രവർത്തനങ്ങളും തിന്മകളും വർധിച്ചു വരുന്ന നവലോകത്ത് ധാർമിക ബോധമുള്ള വിദ്യാർഥികൾ വളർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദഅവാ ക്യാമ്പസ് പര്യടനത്തിന്റെ ജില്ലാ ഉദ്ഘാടനം കൊപ്പം ഡിവിഷനിലെ തെക്കുമ്മല അൻസാർ നഗർ മർക്കസിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അൽ ഫിഖ്ഹുൽ ഇസ്ലാമി സമഗ്രതയുടെ പ്രയോഗങ്ങൾ’ എന്ന ശീർഷകത്തിൽ 2022 ജനുവരി 14,15 ,16 തിയ്യതികളിൽ പാലക്കാട് ബൂത്വി സ്ഫിയറിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ‘സ്റ്റെപ് ഇൻ’ എന്ന പേരിൽ ക്യാമ്പസ് പര്യടനം നടക്കുന്നത്.
ജില്ലാ ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, ദഅവ സെക്രട്ടറി ഹബീബുല്ല സഖാഫി പൊയ്ലൂർ, ശാഫി അഹ്സനി , മുസ്തഫ സഖാഫി സംസാരിച്ചു.
ജില്ലയിലെ മുപ്പത് ദഅ് വാ കാമ്പസുകളിൽ പര്യടനം നടക്കും. ജില്ലാ ഭാരവാഹികൾ , ദഅവ സിന്റിക്കേറ്റ് അംഗങ്ങൾ, ഡിവിഷൻ ഭാരവാഹികൾ നേതൃത്വം നൽകും. സെൻസോറിയത്തിന്റെ മുന്നോടിയായി ദഅവ കാമ്പസുകളിൽ വ്യത്യസ്ഥ അവതരണങ്ങളും മത്സരങ്ങളും നടക്കും. സെൻസോറിയത്തിന്റെ വിളംബരം ഫേസ് വേഡ് എന്ന പേരിൽ വിദ്യാർത്ഥി സംഗമങ്ങൾ ഇതിനോടകം കാമ്പസുകളിൽ പൂർത്തിയായിട്ടുണ്ട്.