മരണം നടന്ന ദിവസത്തെ പരിശോധനയിൽ 13 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയിരുന്നു.
ചെല്ലൻകാവ് കോളനിയിൽ വീണ്ടും സ്പിരിറ്റ്
കഞ്ചിക്കോട് ചെല്ലൻകാവിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ വെള്ളിയാഴ്ച രണ്ടര ലിറ്റർ സ്പിരിറ്റ് കൂടി പിടിച്ചെടുത്തു. കോളനി പരിസരത്ത് കുപ്പിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പലയിടത്തുനിന്ന് മോഷ്ടിച്ച് കൊണ്ടുവന്നതാണ് ഇതെന്ന് അറസ്റ്റിലായ താഴത്തറ സത്രപ്പടിയിൽ ധനരാജ് (59) മൊഴി നൽകിയിരുന്നു.
എന്നാൽ, പൊലീസ് മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. അടുത്തുള്ള സ്പിരിറ്റ് വ്യവസായ ശാലകളിൽ ഒന്നും തന്നെ മോഷണം നടന്നിട്ടില്ല. അതിനാൽ വിൽക്കാനോ, കഴിക്കാനോ ആരെങ്കിലും എത്തിച്ചതാകാം എന്നാണ് നിഗമനം.
മരണം നടന്ന ദിവസത്തെ പരിശോധനയിൽ 13 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷവും കോളനിയിൽ സ്പിരിറ്റ് എത്തിച്ചുവോ എന്ന് സംശയമുണ്ട്. ഇവിടെനിന്ന് കണ്ടെത്തിയ നാല് കന്നാസിലെ സ്പിരിറ്റ് ഒഴിച്ചുകളഞ്ഞതായി സമീപവാസി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
കേസിൽ ഇരുപത് പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് എസ്പി എസ് എ രാജു പറഞ്ഞു. കേസിൽ അറസ്റ്റിലായ പ്രതിയെ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
വ്യാവസായിക സ്പിരിറ്റ് സൂക്ഷിച്ചതിന് ഒരു സോപ്പ് കമ്പനി ഉടമയെയും ചോദ്യം ചെയ്യും.