വര(ചെറുകഥ.)
ഐ സി യുവിനുമുമ്പിൽ ഏതാനുംപേർമാത്രം. ആരെങ്കിലും ഒരാൾക്ക് അകത്തേക്ക് പോകാം. വാർഡിനു മുമ്പിൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചു.
കൂടെ മറ്റാരുമില്ലാത്തതിനാൽ നാലുവയസ്സുകാരിയായ മകളെ മാറിലൊതുക്കി അകത്തേക്ക് കയറി. ബീപ്.. ബീപ്. ശബ്ദങ്ങൾ നിശ്ശബ്ദതയെ ഭേദിക്കുന്നുണ്ടായിരുന്നു.
കട്ടിലിലേക്ക് നോക്കി അമ്മവിതുമ്പുമ്പോഴും, കട്ടിലിനു സമീപമുള്ള മോണിറ്ററിൽ നോക്കി കുഞ്ഞുമോൾ പറഞ്ഞു. ഹായ് നല്ല റ്റീ.വീ. ചന്തം. പൊങ്ങിത്താഴുന്ന വരകളെ നോക്കീട്ടവൾ പറഞ്ഞു. ഹായ് നല്ല രസോണ്ട്.
ആ വര ക്രമേണ നേർരേഖയായി മാറുകയായിരുന്നു. ഒരുശബ്ദംകേട്ട് അവൾ തിരിഞ്ഞു നോക്കി. അവൾക്കു പിന്നിൽ നഴ്സ്. നിങ്ങളൊന്നു പുറത്തേക്ക് നിൽക്കൂ. അവർ അമ്മയോടു പറഞ്ഞു.
അവർ നൽകിയ പേപ്പറുകളിൽ വിതുമ്പലോടെ അമ്മ ഒപ്പിടുമ്പോഴും മോളറിഞ്ഞില്ല; അവർ തനിച്ചാവുകയാണെന്ന്.