കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം നേതാക്കൾ തകർക്കരുത് -വിമർശനവുമായി ഷാഫി പറമ്പിൽ
‘ഒന്നരമണിക്കൂറിൽ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരിൽ നിന്ന് ഉണ്ടാകുന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കും’
പാലക്കാട്: സാധാരണക്കാരായ പ്രവർത്തകരുടെ ആത്മവീര്യം കോൺഗ്രസ് നേതാക്കൾ തകർക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണം.
പ്രവർത്തകരുടെ ആത്മവീര്യം തകർക്കാതെ മുന്നോട്ട് നയിക്കാൻ നേതൃത്വത്തിന് കഴിയണം. ഒന്നരമണിക്കൂറിൽ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരിൽ നിന്ന് ഉണ്ടാകുന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കും.
കോൺഗ്രസ് ഈ തെരഞ്ഞെടുപ്പോടെ ഒലിച്ചുപോവില്ല. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് വേണ്ടത്. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണം എന്ന ആവശ്യത്തെ തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.