വനിതാ ആര്.പി.എഫ് ഉദ്യോഗസ്ഥയെ അപമാനിച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും
പാലക്കാട് ജംഗ്ഷന് റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസില്‍ തമിഴ്നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാറിനെ (വയസ്സ് 44) പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം കഠിന തടവിനും അഞ്ഞൂറ് രൂപ പിഴ അടക്കുവാനും വിധിച്ചു. 2016 ജനുവരി 21 ന് റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനത്തിനായ് പാലക്കാട് ഡിവിഷണല്‍ ഓഫിസില്‍ എത്തിയ വനിതാ കോണ്‍സ്റ്റബിളിനെ പ്രതി റെയില്‍വെ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന ഏണിപ്പടിയില്‍ വെച്ചാണ് അപമാനിച്ചത്. മഫ്ടി വേഷത്തില്‍ പ്ലാറ്റ്ഫോറത്തിലെ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന ഉദ്യോഗസ്ഥയും മറ്റ് രണ്ട് സഹ ഉദ്യോഗസ്ഥകളും പ്രതിയെ തടഞ്ഞുവെച്ച് റെയില്‍വെ പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.പ്രേനാഥ് ഹാജരായി.