പല്ലശ്ശന. പല്ലാവൂർ – കുനിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പല്ലാവൂരിൽ റോഡ് ഉപരോധിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസ്തുത റോഡ് പൂർണമായി തകർന്നതിന് ശേഷം താൽക്കാലികമായി പോലും സഞ്ചാരയോഗ്യമാക്കാനോ , ഭാരവാഹനങ്ങളെ തടയുവാനോ അധികൃതർ തയ്യാറായിട്ടില്ലെന്ന കാരണത്താൽ ഏറെനാളായി കോൺഗ്രസ്സും , യൂത്ത് കോൺഗ്രസ്സും പ്രതിഷേധ സമരമുഖത്താണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് റോഡ് തടയാൻ തീരുമാനിച്ചത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസ്തുത റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പൂർണ്ണമായും പാത ഉപരോധിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രഖ്യാപിച്ചു. പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ അധ്യക്ഷനായി. ദാസ് പല്ലാവൂർ ഉദ്ഘാടനംചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീർ പാറക്കളം, പഞ്ചായത്തംഗങ്ങളായ എസ്.അശോകൻ , പി.എസ് രാമനാഥൻ , ആർ.ജയ നാരായണൻ , കെ.എസ്. യൂ ജില്ലാ കോർഡിനേറ്റർ ശ്യാം ദേവദാസ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി കെ.പി പ്രേംകുമാർ കളരിക്കൽ , മനോജ് , കുമാരൻ, ആന്റോ എന്നിവർ സംസാരിച്ചു.