വടക്കഞ്ചേരി മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു
മാസങ്ങളായി മുടങ്ങിക്കിടന്ന വടക്കഞ്ചേരി–- – മണ്ണുത്തി ദേശീയപാതയുടെ നിർമാണം പുനരാരംഭിച്ചു. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
വടക്കഞ്ചേരി റോയൽ ജങ്‌ഷൻ മുതൽ ഡയാന ഹോട്ടൽ വരെ ഒരു കിലോമീറ്ററോളമാണ് മേൽപ്പാലം നിർമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പാലംപണി പല തവണ മുടങ്ങി. കഴിഞ്ഞ മെയ് മാസത്തിലാണ് ജോലി നിർത്തിവച്ചത്. തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയതോടെയാണ് നിർമാണം നിലച്ചത്.
പിന്നീട് മഴക്കാലമായതിനാൽ പണികൾ നടന്നില്ല. 2018 ആഗസ്‌തിലാണ് ദേശീയപാതയുടെ നിർമാണം പൂർണമായി സ്തംഭിച്ചത്. 2020 ജനുവരിയിൽ നിര്‍മാണം പുനരാരംഭിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് വീണ്ടുംനിലച്ചു. ഏപ്രിലിൽ വീണ്ടും തുടങ്ങിയെങ്കിലും കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിലച്ചു. ഇപ്പോഴും തൊഴിലാളികൾക്ക് കോടികണക്കിന് രൂപ കരാർ കമ്പനിയായ കെഎംസി നൽകാനുണ്ട്. ഡിസംബറിൽ പണം നൻകാമെന്ന വ്യവസ്ഥയിലാണ് ജോലികള്‍ നടക്കുന്നത്.
മേൽപ്പാലം നിർമാണം പുനരാരംഭിച്ചെങ്കിലും മറ്റ് പ്രദേശത്തെ ജോലികൾ ഇനിയും തുടങ്ങിയിട്ടില്ല. കുതിരാൻ തുരങ്കത്തിന് സമീപവും ചെറിയ ജോലികള്‍ ദേശീയപാത കരാർ കമ്പനി നടത്തുന്നുണ്ട്. തുരങ്ക നിർമാണത്തിന് ഉപകരാർ നൽകിയ കമ്പനിയെ ഒഴിവാക്കി കെഎംസി തന്നെ ബാക്കി ജോലികളും നടത്താനാണ് തീരുമാനം.
തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ ഏത് സമയത്തും നിർമാണം നിലയ്‌ക്കാനാണ് സാധ്യത. ദേശീയപാതയുടെ പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിന് സിപിഐ എം നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയിരുന്നു