വെള്ളത്തിൽ മുങ്ങി ഹരിത നഗർ റോഡ്
വെള്ളക്കെട്ടായി കിടക്കുന്ന മണ്ണാർക്കാട് മുക്കണ്ണം ഹരിത നഗർ റോഡ്.
മണ്ണാർക്കാട്∙ നഗരസഭയിലെ മുക്കണ്ണം ഹരിത നഗർ കോളനി റോഡ് ചെളിക്കുളമായി. നടന്നു പോകാൻ പോലും കഴിയാത്ത വിധമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മുക്കണ്ണം പാലത്തിനു സമീപത്തു നിന്നാണ് ഹരിത നഗറിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. ഒരു കിലോമീറ്ററിൽ താഴെയുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണ്.
റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് കാരണം യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി. നാൽപ്പതോളം വീട്ടുകാർക്കുള്ള ഏക റോഡാണിത്. കൂടാതെ നായാടിക്കുന്ന് ഭാഗത്തെ രണ്ട് കോളനികളിലുള്ളവർ ഉൾപ്പെടെയുള്ളവർ പുഴയിലേക്ക് ഇറങ്ങുന്നതും ഈ റോഡിലൂടെയാണ്. പല ഭാഗങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞാണു കിടക്കുന്നത്. മഴയൊന്ന് ചാറിയാൽ മതി റോഡ് വെള്ളത്തിൽ മുങ്ങാൻ. നടക്കാൻ പോലും കഴിയാത്ത വിധം വെള്ളക്കെട്ടായതിനാൽ വെള്ളക്കെട്ടുള്ള ഭാഗത്ത് നടക്കാൻ കല്ലിട്ടിരിക്കുകയാണ്.
തിനു മുകളിലൂടെയാണു നടക്കുന്നത്. ഇരു ചക്ര വാഹനങ്ങൾ ഈ ഭാഗത്ത് വീഴുന്നത് പതിവാണ്. റോഡിൽ വെള്ളം കൂടിയാൽ താഴെയുള്ള വീട്ടിലേക്കാണു വെള്ളം ഒഴുകുക. ഇരുപത് വർഷമായി റോഡ് ടാർ ചെയ്തിട്ടെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളക്കെട്ടുള്ള ഭാഗത്ത് അടുത്ത കാലത്ത് കോൺക്രീറ്റ് നടത്തിയെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാനായില്ല. നഗരസഭ അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.