കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു
പട്ടാമ്പി: കാലവർഷം ശക്തമായതോടെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണി- അന്തിമഹാകാളൻകാവ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞുവീണു. റോഡിന്റെ വശങ്ങൾ ഇടിഞ്ഞതോടെ അതിനോടനുബന്ധിച്ച് സ്വകാര്യവ്യക്തി കെട്ടിയ മതിലും താഴ്ചയിലേക്ക് വീണു. ഇതോടെ റോഡിലൂടെ ഭാരവാഹനങ്ങളുടെ യാത്ര അപകടഭീഷണിയിലായി.
അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പഞ്ചായത്ത് യാത്രാവിലക്ക് ഏർപ്പെടുത്തിയ റോഡാണിത്. ചെങ്കുത്തായ കുന്നിൽചെരിവിലായതിനാൽ ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതുകൊണ്ടാണിത്. ദേശീയപാത-66 ന് വേണ്ടി ഈ റോഡിനുമുകളിലുള്ള മക്കാട്ട് കുന്നിൽനിന്ന് മണ്ണെടുത്തിരുന്നു. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിന്നീട് മണ്ണെടുപ്പ് നിർത്തിവെച്ചു. അശാസ്ത്രീയമായ മണ്ണെടുപ്പാണ് റോഡിന്റെ വശങ്ങൾ ഇടിയാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.