പല്ലാവൂർ:- യൂത്ത്കോൺഗ്രസ്സ് പല്ലശ്ശനമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഴിവുപാറ -പല്ലാവൂർ കുനിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, അമിതഭാരം കയറ്റിപോവുന്ന ടോറസ്സ് ലോറികൾമൂലം പല്ലാവൂർ-കുനിശ്ശേരി റോഡിനു കുറുകെ മലമ്പുഴ ഇറിഗേഷൻ പദ്ധതിയിലുൾപ്പെട്ട കൊടുവായൂർ സെക്ഷൻ കുനിശ്ശേരി LBC-1 കനാലിൻ്റെ മണ്ണിനടിയിൽ സൈഫൺ തകർന്നത് ശരിയാക്കുന്നതിന് അധികാരികൾ നിസ്സംഗത പാലിക്കുന്നതിനാൽ വരുന്ന അപകടപരമ്പരകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വാഴനട്ട് പ്രതിഷേധിച്ചു. കൊല്ലങ്കോട് നിന്നും ആലത്തൂരിലേക്കും, തൃശ്ശൂരിലേക്കും, മറ്റ് പ്രധാന പ്രദേശങ്ങളിലേക്കും കടന്നു പോകുന്ന പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയായ പ്രസ്തുത റോഡ് തകർന്ന് കുണ്ടും , കുഴിയുമായി വെള്ളം തളംകെട്ടിനിൽക്കുന്നത് ഇന്നത്തെ ഒരു ദയനീയ കാഴ്ചയാണ്. കഴിഞ്ഞ രണ്ടു വർഷക്കാലമായി യാത്രക്കാർക്ക് ദുരിതം വിതച്ച് ഒട്ടേറെ അപകടങ്ങളും , മരണവും സംഭവിച്ച ഈ റോഡിന്റെ ഇന്നത്തെ അവസ്ഥ എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രഖ്യാപിച്ചു.
പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ്സ് പല്ലശ്ശന മണ്ഡലം പ്രസിഡന്റും വാർഡ് മെമ്പറുമായ മനു പല്ലാവൂർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ്പ്രസിഡന്റ് രോഹിത്ത് കൃഷ്ണൻ ഉത്ഘാടനം ചെയ്തു വാർഡ് മെമ്പറായ കെ. വിജയലക്ഷ്മി , മണ്ഡലം വൈസ് പ്രസിഡന്റ് സുധീർ പാറക്കളം, മണ്ഡലം സെക്രട്ടറി കെ.കെ ഹരിദാസ് , ശ്യാം ദേവദാസ് , മനോജ് പല്ലാവൂർ, കുമാരൻ പല്ലാവൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാർത്ത.
(രാമദാസ് ജി. കൂടല്ലൂർ).