ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പൊതുസമൂഹം ചെറുത്ത് തോൽപ്പിക്കണം. മണികണ്ഠൻ
പാലക്കാട്. വിമതശബ്ദങ്ങള്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ഗോവധ നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കി നിയമ നിര്‍മാണം എന്നിങ്ങനെ തലതിരിഞ്ഞ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിൻ്റെ തനത് സംസ്കാരത്തെ അപ്പാടെ തകര്‍ക്കുകയാണ്. തികഞ്ഞ സംഘപരിവാറുകാരനായ പ്രഫുൽ പട്ടേൽ നരേന്ദ്രമോദിയുടെ ഉറ്റ അനുയായിയും ഗുജറാത്ത്കലാപകലാത്ത് സുപ്രധാന ചുമതല ഉണ്ടായിരുന്ന ആളുമാണ്.
രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെയാണ് പിരിച്ചുവിട്ടത്. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി.
സാധാരണക്കാരായ ദ്വീപ് ജനതയുടെ സമാധാന ജീവിതം ഇല്ലാതാക്കി ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇക്കൂട്ടർ. ലക്ഷദ്വീപിലെ ജനജീവിതം തകർക്കാനും അതുവഴി മുതലെടുപ്പ് നടത്താനുമുള്ള സംഘപരിവാർ നീക്കത്തിനെതിരെ പൊതുസമൂഹം രംഗത്തുവരണമെന്ന് ആർ ജെ എം കെ ( രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവകാശ കൂട്ടായ്മ ) നേതാവ് മണികണ്ഠൻ വടക്കാഞ്ചേരി ആവശ്യപ്പെട്ടു