നെല്ലുസംഭരണം സജീവമായി
സപ്ലൈകോയുമായി കരാറിലെത്തിയ മില്ലുകൾ കർഷകരിൽനിന്ന് നെല്ലെടുത്തുതുടങ്ങി. ഇതോടെ, ജില്ലയിലെ ഒന്നാംവിള നെല്ലുസംഭരണം ഊർജിതമായി. 46 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ഈ മാസം അവസാനം സംഭരണം പൂർത്തിയാക്കാനാകും. ഒന്നാംവിളയുടെ 90 ശതമാനം കൊയ്‌ത്ത് കഴിഞ്ഞു. 32,500 ഹെക്ടറിലായിരുന്നു ഒന്നാംവിള കൃഷി.
കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ രണ്ടാംവിള നെൽക്കൃഷിക്കുള്ള ഒരുക്കം തുടങ്ങി. കൃഷിനിലം ഉഴുത് ഞാറ്റടിക്ക് വിതയ്‌ക്കുകയും ചെയ്‌തു. ഒന്നാംവിള പൊടിവിതയും രണ്ടാംവിള ഞാറ്റടി തയ്യാറാക്കി പറിച്ചു നടുകയുമാണ് സാധാരണ ചെയ്യുക. ചിലയിടങ്ങളിൽ നടീലും ആരംഭിച്ചു.
ജലക്ഷാമത്തിനുള്ള സാധ്യത കണക്കിലെടുത്ത് മൂപ്പുകുറഞ്ഞ വിത്താണ് സാധാരണ രണ്ടാംവിളയ്‌ക്ക് ഉപയോഗിക്കുക. ഇത്തവണ അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ ആശങ്കയില്ല. നാലുമുതൽ അണക്കെട്ടുകൾ കൃഷിക്കായി തുറക്കും.
വടക്കഞ്ചേരി, ആലത്തൂർ മേഖലയിലാണ് സാധാരണയായി ആദ്യം കൃഷിയിറക്കുക. ആദ്യം തുറക്കുക മംഗലം അണക്കെട്ടാണ്. നാലിനുതന്നെ മംഗലം തുറക്കും. മലമ്പുഴ ഇടതുകര, വലതുകര കനാലുകൾ, ചേരാമംഗലം, പോത്തുണ്ടി എന്നിവ 15ന് തുറക്കും. ഫെബ്രുവരി അവസാനംവരെ അണക്കെട്ടിൽനിന്ന് വെള്ളം ലഭ്യമാക്കും.