മറവു ചെയ്ത കാട്ടാനയുടെ ജഡം വനംവകുപ്പ് മാന്തിയേക്കും
മണ്ണാർക്കാട് :അമ്പലപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കാട്ടാനയുടെ ജഡം പുഴക്കരികിൽ മറവ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഞായറാഴ്ച വെള്ളിയാർ പുഴയിൽ അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽ കാട്ടായുടെ ജഡം ഒഴുകി വന്ന് തെയ്യംകുണ്ടിന്റെ മുകളിലായി 300 മീറ്റർ അകലെ വന്ന് തങ്ങി നിന്ന അവസ്ഥയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാർ പുഴയുടെ 15 മീറ്റർ മാത്രം അകലെയാണ് ആനയുടെ ജഡം മറവ് ചെയ്തത്. മണൽ പ്രദേശം ആയതിനാൽ നീരുറവ പുഴയിലേക്ക് വരാൻ സാധ്യതയുള്ളതുകൊണ്ട് നാട്ടുകാർ ആശങ്കയിലാണ്.അമ്പലപ്പാറ, കാപ്പുപറമ്പ്, മുണ്ടക്കുന്ന്, പാതിരമണ്ണ മുറിയങ്കണ്ണി, കണ്ണംകുണ്ട്, പാലക്കാഴി, പാലക്കടവ്, മേലാറ്റൂർ വരെയുള്ള കുടുംബങ്ങൾ കുളിക്കാനും കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചുവരുന്നത് ഈ പുഴയാണ്. കൂടാതെ നിരവധി കുടിവെള്ള കിണറുകളും ഈ പുഴയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ജഡം പുഴയോട് ചേർന്ന് മറവു ചെയ്തതിൽ പ്രസ്തുത പ്രദേശവാസികൾ ആശങ്കയിലാണ്.ആയതിനാൽ ആനയുടെ ജഡം പുറത്തെടുത്ത് ദഹിപ്പിക്കുകയോ,മറ്റൊരു ജനവാസ മേഖലയല്ലാത്ത സ്ഥലത്തേക്ക് ജഡം മാറ്റി ജനങ്ങളുടെആശങ്ക അകറ്റണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. ഈ ആവശ്യവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിലും ഡിഎഫ്ഒക്കും പരാതി നൽകി. ഉമ്മർ മനച്ചിതൊടി, സിജാദ് അമ്പലപ്പാറ,സുധീർ കാപ്പുപറമ്പ്,അസീസ് ചേലോക്കോടൻ,പി അൻവർ, സാജിത് എന്നിവരാണ് പരാതി നൽകിയത്.എന്നാൽ നിലവിൽ കാട്ടാനയെ മറവ് ചെയ്ത സ്ഥലത്തുനിന്ന് പുഴയിലേക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന് ഡി എഫ് ഒ എം കെ സുജിത്ത് പറഞ്ഞു. പ്രദേശത്ത് ശക്തമായ മഴയാണ്. എത്തിപ്പെടാനും പ്രയാസമാണ്. വാഹനങ്ങൾ എത്തിപ്പെടില്ല.അതിനാൽ വേഗത്തിൽ പുറത്തെടുത്ത് സംസ്ക്കരിക്കുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ എളുപ്പമല്ല. എന്നാൽ നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും പരാതി ലഭിച്ച സ്ഥിതിക്ക് മഴ മാറിയാൽ ജഡം പുറത്തെടുത്തു കത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡി എഫ് ഒ അറിയിച്ചു.