അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. തിരുവിഴാംകുന്ന് അമ്ബലപ്പാറ തെയ്യംകുണ്ടിന് മുകള്‍ ഭാഗത്തായാണ് നാട്ടുകാര്‍ ജഡം കണ്ടത്.
തിങ്കളാഴ്ച രാവിലെയാണ് പുഴയിലെ മരക്കുറ്റിയില്‍ ജഡം കുടുങ്ങി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജഡം ജീര്‍ണിച്ച അവസ്ഥയിലാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയാര്‍ പുഴയില്‍ അതിശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം. ശശികുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും സൈലന്റ് വാലി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താല്‍ ആനയുടെ ജഡം പുഴയില്‍നിന്നും എടുക്കാനുള്ള ശ്രമം നടത്തി വരുകയാണ്.