- ‘– അസീസ് മാസ്റ്റർ –
സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുകയും ചെയ്ത സാഹചര്യത്തിൽ മഴക്കാല രോഗത്തിൽ നിന്നും അപകടത്തിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ മുന്നൊരുക്കവും നടത്തേണ്ടതുണ്ട്.
രണ്ട് പ്രളയം കണ്ടവരാണ് നമ്മൾ, മാത്രവുമല്ല കോവിഡ് ഭീതിയിലാണ് മഴക്കാലത്തെ വരവേൽക്കുന്നത്. ലോക്ക് ഡൗണിലൂടെ കൊറോണയുടെ വ്യാപനത്തിൽ നേരിയ കുറവ് വന്നെങ്കിലും തൊഴിലില്ലാഴ്മ രൂക്ഷമാക്കിയ പട്ടിണിയിലേക്കാണ് കാലവർഷത്തിൻ്റെ കടന്നുവരവ് എന്നതിൻ്റെ അപകടം നാം ഗൗരവത്തിൽ. കാണണം.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ല എന്നതിനാൽ നഗരങ്ങളും ഗ്രാമങ്ങളും വലിയ ദുരിതത്തെയാണ് അഭിമുഖീകരിക്കാൻ പോവുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികളിൽ മിക്കവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഓടകളും മാലിന്യക്കൂപ്പകളും ശുചീകരിക്കാൻ പറ്റിയില്ല എന്നത് മഴക്കാല രോഗങ്ങൾക്ക് ആക്കം കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ലോക്ക് ഡൗൺ കാരണം നഗരങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടന്നതിനാൽ മാലിന്യ പ്രശ്നം കുറവാണെങ്കിലും വീടുകൾ കേന്ദ്രീകരിച്ചുള്ള മാലിന്യങ്ങളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഡങ്കിപ്പനി വ്യാപകമാവുന്ന ഈയവസരത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സ്തംഭിച്ച സാഹചര്യത്തിൽ, കോവിഡിൻ്റെയും മറ്റു സാംക്രമിക രോഗങ്ങളുടെയും പ്രധാന ലക്ഷണം പനിയും ശ്വാസം മുട്ടലും ആയതിനാൽ യഥാർത്ഥ രോഗം കണ്ടു പിടിക്കാൻ കാലതാമസം നേരിടും. ഇത് മരണസംഖ്യ പോലും ഉയർത്തിയേക്കാം. ഞായറാഴ്ചകളിൽ വീടും പരിസരവും ശുചിയാക്കുന്ന പ്രവർത്തനങ്ങൾ വേണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടതിനാൽ പല സന്നദ്ധ -സാമൂഹ്യ സംവിധാനങ്ങളും പൊതുജനങ്ങളും രംഗത്ത് വന്നത് സ്വാഗതാർഹമാണ്. എന്നാൽ ഈ പ്രവൃത്തികൾക്ക് തുടർചലനമുണ്ടാക്കാനുള്ള പ്രോത്സാഹനം കൂടി ത്രിതല പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. മാത്രവുമല്ല മുടങ്ങിക്കിടന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും വേണം.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്
യെല്ലോ അലര്ട്ട് പ്രഖ്യാപിച്ച
സാഹചര്യത്തിൽ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്ന കോവിഡ് കാല ശീലം മഴക്കാലത്തും പാലിക്കുക. ദുരന്തമുഖത്തുണ്ടാവുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ കോവിഡുകാലത്ത് പ്രയാസം സൃഷ്ടിക്കും. ഈയൊരു ബോധ്യത്തോടെയാവണം നമ്മൾ മഴക്കാലത്തെയും അതിജീവിക്കേണ്ടത്.
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇപ്പോൾ ആന്ധ്രക്കും ഒഡീഷക്കുമിടയിലൂടെ കരയിലേക്ക് കടന്നതിന്റെ
ഫലമായി ഒറ്റപ്പെട്ട കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രതയുടെ പ്രാധാന്യം മനസിലാക്കണം.
കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനിടയുള്ളതിനാൽകടൽ പ്രക്ഷുബ്ധമാണ്. അതുകൊണ്ട് മത്സ്യ തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്.
തെക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും പരക്കെ മഴ കിട്ടും എന്ന സന്തോഷത്തോടൊപ്പം തന്നെ മഴക്കാല രോഗങ്ങൾ ഭീതിപ്പെടുത്തുന്നു. പറഞ്ഞതു തന്നെ പറയേണ്ടി വരുന്ന ദുരിതകാലത്തെ നമുക്ക് അതിജീവിക്കാൻ കഴിയട്ടെ. ആരോഗ്യ ജാഗ്രത വിട്ടുവീഴ്ച ചെയ്യാത്തവരായി നമുക്ക് മാറാം. ജയ് ഹിന്ദ്.