— അസീസ് മാസ്റ്റർ —
രാജ്യം രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ജൂലായ് 18ന് നടക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചതോടെ പൊതു സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഗൗരവപരമായ സമീപനമാണ് വേണ്ടത്. ഇതിന്റെ ശുഭസൂചനയെന്നോണം ദിവസങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വാര്‍ത്തകളെ വിലയിരുത്താവുന്നതാണ്. അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാറുമായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ചര്‍ച്ച നടത്തി. തുടര്‍ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പ്രതിപക്ഷ ഐക്യംകൂടി ലക്ഷ്യംവച്ച് പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് നീക്കമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പക്വമായ രാഷ്ട്രീയ തീരുമാനം നിലവിലെ രാഷ്ടീയ പ്രതിസന്ധിയെ മറികടക്കുക മാത്രമല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ശക്തി പ്രകടനത്തിന് ഊര്ജ്ജദായകവുക തന്നെ ചെയ്യും. പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കുമെന്ന് ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. വിജയ സാധ്യത ഇല്ലാത്തതിനാല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഐക്യ പ്രകടനത്തിനുള്ള വേദിയാണ് പ്രതിപക്ഷത്തിന് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ബി ജെ ഡി, വൈ എസ് ആര് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാരിനൊപ്പം നില്ക്കുന്നതിനാല് ജയസാധ്യത പ്രതിപക്ഷത്തിനില്ല. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യം എന്ന സങ്കല്പം എത്രത്തോളം പ്രായോഗികമാണെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് തെളിയിക്കുമെന്ന കാര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് മറിച്ചൊരു അഭിപ്രായമുണ്ടാവാനിടയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15ന് പുറത്തിറക്കുകയും ജൂലൈ 21ന് വോട്ടെണ്ണുകയും ചെയ്യുമ്പോള്‍, രാഷ്ടീയപരമായ പല മാനങ്ങള്ക്കുമാണ് രാജ്യം കാത്തിരിക്കുന്നത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24നാണ് അവസാനിക്കുക. ഇതിനു മുന്‍പ് പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. . രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. 4033 എംഎല്‍എമാര്‍ ഉള്‍പ്പെടെ ആകെ 4809 വോട്ടര്‍മാരാണുള്ളത്. രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാനനിയമസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണന് അറിയിച്ചു. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യരപതിജ്ഞ ചെയ്യും.