കായികതാരത്തെ മർദിച്ച സംഭവം;ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
പാലക്കാട് : പ്ലസ്‌വൺ വിദ്യാർഥിയായ കായികതാരത്തെ മർദിച്ച സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികളെ സ്‌കൂളിൽനിന്ന് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച ചേർന്ന സ്‌കൂൾ പിടിഎ യോഗത്തിലാണ് തീരുമാനം.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് റോളർ സ്കേറ്റിങ് ദേശീയതാരവും അത്‌ലറ്റുമായ പാലക്കാട് പിഎംജി സ്‌കൂളിലെ വിദ്യാർഥി അബ്ദുൾനിഹാലിന് മർദനമേറ്റത്. സുഹൃത്തിന്റെ ആവശ്യപ്രകാരം ഒരുകുട്ടിയെ അന്വേഷിച്ച് പ്ലസ്ടു ക്ലാസിൽക്കയറിയ നിഹാലിനെ, സ്‌കൂളിന് പുറത്തുവെച്ച് ഒരുസംഘം കുട്ടികൾചേർന്ന് മർദിച്ചെന്നാണ് പരാതി. മർദനത്തിൽ ഇടതുകൈ എല്ലൊടിഞ്ഞ നിഹാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മർദിച്ച സംഘത്തിലുൾപ്പെട്ട ആറുപേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവരിൽനിന്ന് തിങ്കളാഴ്ച പോലീസ് മൊഴി രേഖപ്പെടുത്തി.









