കാംപസ് തീവ്രവാദം, ലൗ ജിഹാദ്: വര്‍ഗീയ പ്രചാരണം തിരുത്താന്‍ സിപിഎമ്മും തയ്യാറാവണം – പോപുലര്‍ ഫ്രണ്ട്
സംസ്ഥാനത്തെ കാംപസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിലപാട് തിരുത്തി പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി. പി മുഹമ്മദ് ബഷീർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങളില്‍ അവതരിപ്പിക്കാന്‍ പുറത്തിറക്കിയ പാര്‍ട്ടി രേഖയിലാണ് വര്‍ഗീയ ധ്രുവീകരണവും പരസ്പര വിദ്വേഷവും സൃഷ്ടിക്കുന്ന പാമര്‍ശങ്ങള്‍ മനപ്പൂര്‍വം ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെ കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രി തള്ളിക്കളയുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ആത്മാര്‍ഥതയോടെയാണെങ്കില്‍ പാര്‍ട്ടിയെ തിരുത്താന്‍കൂടി അദ്ദേഹം തയ്യാറാവണം.
കേരളത്തില്‍ പലപ്പോഴും സംഘപരിവാറിന്റെ നാവായി സിപിഎം മാറുകയാണ്. വര്‍ഗീയത ആളിപ്പടര്‍ത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന് വഴി തെളിച്ചുനല്‍കുന്ന നിലപാടുകളാണ് പലഘട്ടങ്ങളിലായി സിപിഎം നേതൃത്വം നടത്തിയിട്ടുള്ളത്. ഇതില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പങ്ക് ചെറുതല്ല. അദ്ദേഹം നടത്തിയിട്ടുള്ള ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്.
വേട്ടക്കാരനൊപ്പം നില്‍ക്കുകയും ഇരകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സമീപനമാണ് മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്ന നിലപാടാണിത്. സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായ ഘട്ടങ്ങളില്‍ മൗനം തുടരുന്നത് അഭികാമ്യമല്ല.
ആഭ്യന്തരവകുപ്പും കോടതികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ നുണബോംബായ ലൗജിഹാദ് കേരളത്തില്‍ വീണ്ടും വീണ്ടും പ്രചരിപ്പിക്കുകയാണ്. വെറുപ്പിന്റെ പ്രചാരണത്തില്‍ ഏറെ കൊണ്ടാടപ്പെട്ട 80:20 വിഷയത്തിലൂടെ മുസ്ലിം-ക്രിസ്ത്യന്‍ ധ്രുവീകരണമുണ്ടായ സമയത്ത് മൗനവ്രതത്തിലായിരുന്ന മുഖ്യമന്ത്രി വാ തുറന്നത് ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തിയതിന് ശേഷമാണ്. നാര്‍ക്കോട്ടിക് ജിഹാദിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിച്ച ബിഷപ്പിന് രാജ്യത്തെ നിയമം ബാധകമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കണക്കുകള്‍ പുറത്തുവിട്ട് പതിവുപോലെ പ്രസ്താവനകളുമായി അദ്ദേഹം മുസ്ലിം സ്നേഹം പ്രകടിപ്പിച്ചത്. ഏറ്റവും പുതിയതായി തീവ്രവാദ ക്യാംപസ് റിക്രൂട്ട്മെന്റ് വിഷയത്തിലും ഏറെ വൈകി പാര്‍ട്ടിയെ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നു. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നുണപ്രചാരണമാണെന്ന് കഴിഞ്ഞദിവസം വസ്തുതകള്‍ നിരത്തി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് സംഘടിതമായ നുണപ്രചാരണമാണെന്നും പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്നും കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഇതിനുപിന്നാലെ മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ മുസ്ലിം വിരുദ്ധപരാമര്‍ശം ആയുധമാക്കി സംഘപരിവാരം രംഗത്തുവന്നിട്ടുണ്ട്. വിഎസിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ വര്‍ഗീയ പ്രചരണം നടത്തുന്നത്. 2010 ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ വച്ചാണ് വിഎസ് വിവാദ പ്രസ്താവന നടത്തിയത്. 20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലിം രാജ്യമാകുമെന്നും ചെറുപ്പക്കാരെ സ്വാധീനിച്ച് പണം നല്‍കി അവരെ മുസ്ലിമാക്കുമെന്നുമാണ് വി എസ് അന്ന് പറഞ്ഞത്. പാലാ ബിഷപ്പ് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് സമൂഹത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമാണ്. അതേസമയം, ഒരു പതിറ്റാണ്ടുമുമ്പ് വി എസ് അച്യുതാനന്ദന്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശം ഇന്നും അദ്ദേഹം പിന്‍വലിച്ചിട്ടില്ല എന്നത് വര്‍ഗീയവാദികള്‍ക്ക് മുസ്ലിം സമുദായത്തെ അടിക്കാനുള്ള വടിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ അന്ന് നടത്തിയ വിവാദ പരാമര്‍ശം തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറാവണം. അല്ലെങ്കില്‍ അദ്ദേഹത്തെ തിരുത്തിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. സംസ്ഥാന സെക്രട്ടറി സി എ റഊഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.