പാലക്കാട്അത്യാവശ്യ യാത്രയ്ക്കുള്ള പൊലീസ് പാസിന് അപേക്ഷകരുടെ എണ്ണം കൂടുതൽ. ജില്ലയിൽ നിന്ന് ആയിരത്തോളം അപേക്ഷയാണ് ഓൺലൈനായി വന്നത്. അപേക്ഷകൾ വിശദമായി പരിശോധിച്ച് അനാവശ്യമായവ തള്ളി.
അവശ്യസാധനങ്ങൾ വാങ്ങിക്കുന്നതിനായി പുറത്തിറങ്ങാൻ കൈയിൽ സാക്ഷ്യപത്രം സൂക്ഷിച്ചാൽമതി. വാക്സിൻ സ്വീകരിക്കാൻ പോകുന്നവർക്കും സത്യവാങ്മൂലം മതി. അവശ്യസർവീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് https://pass.bsafe.kerala. gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുക.
അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങൾക്കും പാസിന് അപേക്ഷ നൽകാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക. ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ അനുവദിക്കില്ല. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ.