സ്ഥാനാർത്ഥി നിർണയവും പ്രചരണവും: തെരഞ്ഞെടുപ്പ് ഗോദയിൽ അരമുറുക്കി വെൽഫെയർ പാർട്ടി
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് തലവേദനയായി വെൽഫെയർ പാർട്ടി പ്രചരണ രംഗത്ത് മുന്നേറ്റം തുടങ്ങി. പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി,ചെർപ്പുളശേരി മുൻസിപ്പാലിറ്റികളിലടക്കം നിരവധി പഞ്ചായത്തുകളിലും വാർഡുകളിൽ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണവുമായി വെൽഫെയർ പാർട്ടി പ്രവർത്തന രംഗത്ത് സജീവമാണ്. അതേ സമയം പാർട്ടിക്കുള്ളിലെ ഉൾപോരുകൾ മൂലം മുഖ്യധാര പാർട്ടികൾ സ്ഥാനാർത്ഥികളെ നിർണയിക്കാൻ പലയിടത്തും പ്രയാസപ്പെടുകയാണ്.
നിലവിൽ ജില്ലയിലുള്ള സിറ്റിങ് വാർഡുകളിലെ മാതൃക പ്രവർത്തനങ്ങൾ മുൻനിർത്തി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്താണ് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്. ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് മുൻഗണന നൽകിയാണ് വെൽഫെയർ പാർട്ടിയുടെ ജപ്രതിനിധികൾ പ്രവർത്തിച്ചിരുന്നെന്നാണ് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ജനക്ഷേമവും അഴിമതി രഹിതവുമായ ഭരണമാണ് വെൽഫെയർ പാർട്ടി ജനങ്ങൾക്ക് മുന്നിൽ വാഗ്ദത്വം ചെയ്യുന്നത്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ പണി മുതൽ വാർഡുകളിൽ സജീവരായിരുന്ന വെൽഫെയർ പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ കൂടി തുറന്നതോടെ കൂടുതൽ സജീവരായി രംഗത്തുണ്ട്. സാമൂഹ്യ, സമര രംഗത്ത് പരിചയ സമ്പന്നരായ സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ ജില്ലയിൽ വെൽഫെയർ പാർട്ടി നിർണായക ശക്തിയാകുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ അവകാശവാദമുന്നയിക്കുന്നത്.