പാലക്കാട്: നടക്കാവ് റെയിൽവേ മേൽപാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി പ്രദേശത്തെ വൈദ്യുതി കമ്പികളും കുടിവെള്ള പൈപ്പുകളും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. കഴിഞ്ഞ ഡിസംബറിലാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയത്. അതിവേഗം നിർമ്മാണം പൂർത്തിയാക്കി അടുത്ത വർഷം ആദ്യംതന്നെ പാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആർ.ബി.ഡി.സി.കെ
പാലക്കാട് – മലമ്പുഴ പാതയിൽ ഏറെ ഗതാഗതത്തിരക്കുള്ള മേഖലയാണ് നടക്കാവ് റെയിൽവേ ഗേറ്റ്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനോട് ചേർന്നുകിടക്കുന്ന ഗേറ്റ് ആയതിനാൽ ദിവസത്തിൽ പത്ത് മണിക്കൂറും അടഞ്ഞു കിടക്കുമെന്നാണ് കണക്ക്. പത്തുമിനിട്ട് മുതൽ 25 മിനിട്ട് വരെ ഗേറ്റ് അടച്ചിടാറുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ നിരവധിപേർ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഏകദേശം 40 പേർക്ക് ഇത്തരത്തിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. 2020 ഒക്ടോബറിലായിരുന്നു അവസാന സംഭവം. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമായതിനാൽ ഗേറ്റിന്റെ നിയന്ത്രണം സ്റ്റേഷൻ അധികൃതർക്കാണ്. സ്റ്റേഷനിൽ നിന്ന് റിലീസ് ചെയ്യാതെ ഗേറ്റ് തുറക്കില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.