ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ വികസന നായകൻ കൂടുമാറൂന്നു
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ആർക്കും ഏത് സമയത്തും കയറിച്ചെന്ന് കാര്യങ്ങൾ പറയാൻ പറ്റുന്ന ഒരാൾ ഉണ്ട്, അത് മറ്റാരുമല്ല ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ : താജ്പോൾ പനക്കൽ. തന്റെ സഹപ്രവർത്തകരോട് സൗമ്യമായി സംസാരിച്ച് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റിയ സൂപ്രണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രി കൂടാതെ മാങ്ങോട് മെഡിക്കൽ കോളേജിന്റെയും നേതൃത്വം വഹിച്ച ആളാണ് ഡോ: താജ്പോൾ.
ഈ മാസം ഇരുപത്തിയാറാം തീയതി ഡെപ്യൂട്ടി ഡയറക്ടർ ആയി പ്രമോഷൻ ലഭിച്ച ഡോ :താജ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ആയി ചാർജ് എടുക്കുകയാണ്. ഇത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് ഒരു നഷ്ടം തന്നെയാണ്. 1999ൽ ചാമക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സേവനം തുടങ്ങിയ ഡോ :താജ്പോൾ പിന്നീട് ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ ആയി. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട്, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയി സേവനമനുഷ്ടിച്ചു. 2019 മുതൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ടായി. ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഷൊർണൂർ ഡയാലിസിസ് കേന്ദ്രം കൂടി ഏറ്റെടുക്കാൻ ചുക്കാൻ പിടിച്ചത് ഡോ: താജ്പോൾ പനക്കൽ ആയിരുന്നു.
പൊതുജനങ്ങൾക്ക് ഏതുസമയത്തും സൂപ്രണ്ടിനെ കണ്ട് പരാതി ബോധിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു ഡോ : താജ്പോൾ. ഒറ്റപ്പാലത്തു കാർക്ക് പ്രിയങ്കരനായ സൂപ്രണ്ട് ഇവിടെനിന്നും പ്രമോഷനായി പോകുമ്പോൾ അത് ഒറ്റപ്പാലത്ത് കാർക്ക് ഒരു വേദന തന്നെയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് ഡോ: താജ്പോൾ പനക്കൽ. അനാഥരായി ആശുപത്രിയിലെത്തുന്ന രോഗികളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റുവാൻ അദ്ദേഹം തന്നെ മുൻകൈ എടുത്തിരുന്നു.
കുന്നംകുളത്ത് സ്ഥിരതാമസക്കാരനായ ഡോ : താജ്പോൾ പനക്കലിന്റെ ഭാര്യ അസിസ്റ്റന്റ് സർജൻ ആയ ഡോ : ജെസ്റ്റി മാത്യുവാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. ഒറ്റപ്പാലത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിന്ന സൂപ്രണ്ടിന് തങ്ങളുടെ ആദരവും പ്രാർത്ഥനയും എന്നും ഉണ്ടാകുമെന്ന് ഒറ്റപ്പാലത്തെ ജനങ്ങൾ പറഞ്ഞു.