ജില്ലാ ആശുപത്രിയിൽ ഒ പി പുനരാരംഭിച്ചു
പാലക്കാട്
കോവിഡ് ആശുപത്രിയാക്കിയതോടെ താല്‍ക്കാലികമായി നിർത്തിവച്ച ഒ പി സേവനങ്ങൾ ജില്ലാ ആശുപത്രിയിൽ പുനരാരംഭിച്ചു. തിങ്കള്‍ രാവിലെ മുതലാണ് ഒ പി ടിക്കറ്റ് വിതരണവും ചികിത്സയും ആരംഭിച്ചത്. ഗുരുതര രോഗങ്ങളുമായി എത്തുന്ന രോഗികൾക്ക് കിടത്തിച്ചികിത്സയും തുടങ്ങി. വിവിധ വിഭാഗങ്ങളിലായി 28 പേരെയാണ് കിടത്തിച്ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത്.
മുമ്പുണ്ടായിരുന്ന അതേ സ്ഥലത്താണ് ഒ പി പ്രവർത്തിക്കുന്നത്. ടോക്കൺ സമ്പ്രദായവും തുടരും. കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ തീരുമാനിച്ച ഉടൻ വാർഡുകളിൽ അണുനശീകരണം നടത്തിയിരുന്നു. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഉപകരണങ്ങളും തിരികെ എത്തിച്ചു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നതോടെ ഏപ്രിലിലാണ് ജില്ലാ ആശുപത്രിയിലെ ഒപി, ഐപി സേവനങ്ങൾ താൽക്കാലികമായി നിർത്തിയത്. സ്പെഷ്യാലിറ്റി ഒപി, ഐപി ഒഴികെ മറ്റ് ചികിത്സകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒ പി പുനരാരംഭിച്ചെങ്കിലും നിലവിലെ കോവിഡ് ചികിത്സ നിർത്തില്ല. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒരു ഐസിയു വാർഡ് ഉൾപ്പടെ 100 കിടക്കയാണ് ഇതിനായി മാറ്റിവച്ചത്.