ഇന്ത്യൻ ദേവതാ ഭാവനകളുടെ വ്യത്യസ്തതയുമായി ശാന്തം മാസിക പുറത്തിറങ്ങി.
പാലക്കാട്:
ഇന്ത്യൻ സംസ്കാരത്തിൻറെ ദേവതാ സങ്കൽപ്പങ്ങളുടെ ബഹുസ്വര മാനങ്ങൾ വിഷയമാക്കി ശാന്തം ഡിജിറ്റൽ മാസികയുടെ ജൂലൈ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. അറിവിൻറെ ദേവതയായ സരസ്വതിയെ വ്യത്യസ്ത ജനവിഭാഗങ്ങൾ സ്വന്തം രീതിയിൽ ആരാധിച്ച ചരിത്രമാണ് ഇന്ത്യയുടേതെന്ന് ശാന്തം ഓർമിപ്പിക്കുന്നു. സരസ്വതിയുടെ ആദ്യരൂപത്തിൽ നിന്ന് വ്യത്യസ്തമായി രാജാരവിവർമ്മ ദേവതയെ സാരി ഉടുപ്പിച്ച് ചിത്രീകരിച്ചതും ദളിതർ കറുത്ത സരസ്വതിയെ ആവിഷ്കരിച്ചതും ജപ്പാനിലും ഇന്തോനേഷ്യയിലും നിലനിൽക്കുന്ന സരസ്വതി ക്ഷേത്രങ്ങളെക്കുറിച്ചും ഈ ലക്കം വിവരിക്കുന്നു. പ്രമുഖ ചുമർചിത്രകാരനും ചരിത്രകാരനുമായ എംജി ശശിഭൂഷണു മായുള്ള അഭിമുഖത്തിൽ കേരളത്തിലെ ശിൽപ്പങ്ങളെക്കുറിച്ചും ചുമർചിത്രങ്ങളെ ക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഹസ്സൻ ബ്ലാസും എന്ന ഇറാക്കി എഴുത്തുകാരന്റെ കഥയുടെ വിവർത്തനവും പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ കവിയായ റോബർട്ട് ബെൺസിന്റെ കവിത വിവർത്തനവും പോസ്റ്റ് ട്രൂത്ത് പുസ്തകങ്ങളെ ക്കുറിച്ചുള്ള അവലോകനവും ഈ ലക്കത്തിൽ ഉണ്ട്.
ശാന്തം മാസികയുടെ ഈ ലക്കം നെന്മാറ എൻഎസ്എസ് കോളേജിൽ വച്ച് നടന്ന ഏകദിന സെമിനാറിനോടനുബന്ധിച്ച് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, കോളേജ് പ്രിൻസിപ്പൽ പി ജ്യോതിലക്ഷ്മിക്ക് നൽകി പ്രകാശനം ചെയ്തു.