ഓർമ്മയിൽ ഒരു ഉമ്മൻ ചാണ്ടി.
__ അസീസ് മാസ്റ്റർ —
കേരളരാഷ്ട്രീയത്തില്‍ പകരംവെക്കാനില്ലാത്ത, ജനക്കൂട്ടത്തിനിടയില്‍ ജീവിച്ച പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് സായാഹ്നത്തിന്റെ ആദരാഞ്ജലികള്‍. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത നൊമ്പരത്തോടെയല്ലാതെ മലയാളിക്ക് ഉള്‍ക്കൊള്ളാനാവില്ല. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ജനനേതാവായ ഉമ്മന്‍ചാണ്ടിയുമായി എനിക്കും ഏറെ നല്ല അനുഭവങ്ങളുണ്ട്. ആ ഓര്‍മ്മകളാവണം, ആ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ തീരാവേദന എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടത്.
പാലക്കാട് വരുമ്പോഴെല്ലാം ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുകയും വ്യക്തിബന്ധം പുതുക്കുകയും ചെയ്യാറുണ്ടായിരുന്നു. പാലക്കാട് കെ ശങ്കരനാരായണന്‍ മത്സരിക്കുമ്പോള്‍ പോലും സ്വന്തം മണ്ഡലത്തിലെ പര്യടന തിരക്ക് മാറ്റിവെച്ച് വന്നത് ആ ഹൃദയം മറ്റുള്ളവരെയും ഉള്‍ക്കൊള്ളുന്നതിനുള്ള തെളിവല്ലാതെ മറ്റെന്താണ്? അദ്ദേഹം എന്റെ വീട്ടിലെ വിരുന്നു സത്കാരത്തില്‍ പങ്കെടുത്തതും സ്വകാര്യനിമിഷത്തിലെ ഒളിമങ്ങാത്ത ഓര്‍മ്മ തന്നെയാണ്. അതേപോലെ തന്നെ സുന്ദരസ്വാമി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും ഈയുള്ളവനും കൂടി പങ്കാളിയായിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ഒരിക്കല്‍കൂടി അഗാധദുഃഖം രേഖപ്പെടുത്തുന്നു.
ആ ഹൃദയം കീഴടക്കിയത് മലയാളി മനസുകളെ തന്നെയായിരുന്നു. തനിക്ക് നേരെ തിരിഞ്ഞ വിവാദങ്ങളില്‍ പോലും അദ്ദേഹത്തിന് തലയുയര്‍ത്തി നില്‍ക്കാനായത് ആ വ്യക്തിത്വത്തിന്റെ സുതാര്യത ജനങ്ങള്‍ക്ക് ബോധ്യമുള്ളത് കൊണ്ട് തന്നെയായിരുന്നു. ജനം കയ്യൊഴിയാതിരുന്ന ജനപ്രിയ നേതാവായി ആ ആയുസ് മുഴുവന്‍ സത്യത്തിനും സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടി അതിവേഗം ബഹുദൂരം മുന്നിലായിരുന്നു പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലെ ഉമ്മന്‍ചാണ്ടി. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍. എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നു മാത്രമാണ് ഉമ്മന്‍ചാണ്ടി ചിന്തിച്ചിരുന്നത്. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ അഹോരാത്രം കഷ്ടപ്പെട്ടതിന്റെ ഫലമാണ്, അവസാനനാളുകളില്‍ അദ്ദേഹത്തിന് ലഭിക്കുന്ന കണ്ണീര്‍പ്രണാമങ്ങളൊക്കെയും.
ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വന്നിരുന്ന നിര്‍ധനരും നിരാശ്രയരുമായ പതിനായിരങ്ങളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി തന്നെയാണ് അദ്ദേഹത്തിനുള്ള സ്മരണാജ്ഞലിയും. കാലം സാക്ഷി, മുഖ്യമന്ത്രിയായിരിക്കെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹാരം കണ്ടത് ആയിരങ്ങളുടെ ആവലാതികള്‍ക്കായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയെന്നതിനേക്കാള്‍ സാധാരണക്കാരുടെ ഹൃദയത്തില്‍ ഓര്‍മ്മകളുടെ സിംഹാസനമൊരുക്കിയാണ് ആ ദേഹം ഇഹലോകവാസം വെടിഞ്ഞിരിക്കുന്നത്.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. എന്നാല്‍, ജീവിച്ചത് മുഴുവന്‍ മലയാളക്കരയാകെയാണ്. മാനവികതയുടെ, മതേതരത്വത്തിന്റെ ഒരാള്‍രൂപം കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ നമുക്കെല്ലാം നഷ്ടമായത്. 1970ല്‍, 27 ാം വയസ്സില്‍ പുതുപ്പള്ളിയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തിയത് മുതല്‍ മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2011ല്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയത് വരെയുള്ള കാലം കേരളത്തിന്റെ വികസനോന്മുഖത്തിന്റെ പുതുചരിത്രം രചിക്കപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളിരമ്പുന്ന മലയാളക്കരയുടെ ഒരുപിടി നല്ല മുഹൂര്‍ത്തങ്ങളില്‍ എനിക്കും ആ സൗഹൃദത്തിന്റെ ഭാഗഭാക്കാവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നു. ജയ്ഹിന്ദ്.