പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്തുവന്ന റഹ്മാനും സജിതയും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇന്ന് വിവാഹിതരായി
നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 10ന് നടക്കുന്ന വിവാഹത്തില്‍ കെ.ബാബു എം.എല്‍.എ പങ്കെടുക്കും. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍.
പ്രണയത്തിലായിരുന്ന അയിലൂര്‍ കാരക്കാട്ടുപറമ്ബ് സ്വദേശിയായ റഹ്മാനും അയല്‍വാസി സജിതയും 2010ലാണ് ഒറ്റമുറി വീട്ടില്‍ ദാമ്ബത്യം ആരംഭിച്ചത്. ഇലക്ട്രീഷ്യന് ജോലിയും പെയിന്റിംഗ് ജോലിയും ചെയ്യുന്ന റഹ്മാന് വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെയാണ് സജിതയെ താമസിപ്പിച്ചത്. പത്ത് വര്‍ഷത്തിനു ശേഷം പുറത്തുവന്ന് സ്വതന്ത്രമായി ജീവിക്കണമെന്ന ചിന്തയില്‍ 2021 മാര്‍ച്ചിലാണ് ഇരുവരും നെന്മാറ വിത്തനശേരിക്ക് സമീപം വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഇതിനിടെ റഹ്മാനെ കാണാനില്ലെന്ന് വീട്ടുകാര്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സഹോദരന് നെന്മാറയില് വെച്ച് റഹ്മാനെ കാണുകയായിരുന്നു. പൊലീസില്‍ അറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാടക വീട്ടില്‍ ഇരുവരും കഴിയുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് പത്ത് വര്‍ഷത്തെ ഒളിവുജീവിതത്തിന്റെ കഥ പുറത്തറിഞ്ഞത്. പ്രായപൂര്‍ത്തിയായ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് മൊഴി നല്‍കിയതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു.