നെന്മാറ സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലെ
കാഷ്വാലിറ്റി കെട്ടിടം, നവീകരിച്ച ലേബര്‍ വാര്‍ഡ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു
നെന്മാറ സാമൂഹ്യകാരോഗ്യ കേന്ദ്രം കാഷ്വാലിറ്റി കെട്ടിടം, നവീകരിച്ച ലേബര്‍ വാര്‍ഡ് ഉദ്ഘാടനം ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ട അടിസ്ഥാന മാറ്റങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതുകൊണ്ടാണ് കോവിഡ് പോലൊരു മഹാമാരിയോട് കുറച്ചെങ്കിലും ചെറുത്തുനില്‍പ്പിന് സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അണ്‍ലോക്ക് ഡൗണിന് നിര്‍ബന്ധിക്കപ്പെടുകയാണ്. വീണ്ടും പഴയതുപോലെ ആകാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍ ജാഗ്രത അനിവാര്യമാണ്. വിവാഹത്തിന് 50 പേര്‍ പങ്കെടുക്കാമെന്ന് പറഞ്ഞാല്‍ ഓരോ മണിക്കൂറിലും 50 ആളുകള്‍ ആകാമെന്നല്ല. ശബരിമല സീസണില്‍ അമ്പലത്തില്‍ 500 ആളുകള്‍ക്ക് അനുവാദമുണ്ടെങ്കിലും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ വാക്കുകള്‍ അനുസരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി നിലനില്‍ക്കുമ്പോഴും 2019 നെ അപേക്ഷിച്ച് 2020 ല്‍ ആകെ മരണം കുറവാണ്. സംസ്ഥാനത്ത് മരണനിരക്ക് 1000 കവിഞ്ഞെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ ഇത് പതിനായിരത്തിന് മുകളിലാണ്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ മികവും ജാഗ്രതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നെന്മാറ നിയോജക മണ്ഡലത്തിനു കീഴില്‍ നാല് സി.എച്ച്.സി.കളാണ് ഇതുവരെ ഉദ്ഘാടനം ചെയ്തത്. പി.എച്ച്.സികളെ അപേക്ഷിച്ച് ഉച്ചയ്ക്ക് ശേഷം ഒ.പി ഉണ്ടാകുമെന്നതും ലാബ് സൗകര്യവും നിരവധി പരിശോധനകള്‍ നടത്താമെന്നതും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകതയാണ്. ജില്ലാ ആശുപത്രിയുടെ നവീകരണത്തിന് 127 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നാല് താലൂക്കാശുപത്രികളും 16 കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്. നെന്മാറ സി.എച്ച്.സിയെ കൂടുതല്‍ സൗകര്യങ്ങളോടെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. താലൂക്കാശുപത്രിയായി പെട്ടെന്ന് ഉയര്‍ത്തുന്നതിന് ചില പരിമിതികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി നെന്മാറ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആവശ്യമെങ്കില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ തുടങ്ങാമെന്നും മന്ത്രി പറഞ്ഞു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2017-18, 2020-21 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 1.86 കോടി രൂപ ചെലവഴിച്ചാണ് കാഷ്വാലിറ്റി കെട്ടിടം നിര്‍മിച്ചത്. എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 37.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലേബര്‍ വാര്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 1085 ചതുരശ്ര മീറ്ററാണ് കാഷ്വാലിറ്റി കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം. ഓപ്പറേഷന്‍ തിയേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് തിയേറ്ററിനെയും ലേബര്‍ റൂമിനെയും ബന്ധിപ്പിക്കുന്ന റാമ്പ് നവീകരിച്ച ലേബര്‍ വാര്‍ഡില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പരിപാടിയില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്‍, ത്രിതല പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ. പി. റീത്ത, നെന്മാറ സി.എച്ച്.സി സൂപ്രണ്ട് ഡോ. എം. ഹസീന മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്