നെല്ലിയമ്പതി സീതാര്‍കുണ്ഡില്‍ രണ്ട് സഞ്ചാരികള്‍ കൊക്കയില്‍ വീണു.
നെല്ലിയാമ്പതി : നെല്ലിയാമ്പതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശീയായ സന്ദീപ്(22), കോട്ടായി സ്വദേശിയായ രഘുനന്ദന്(22)എന്നിവരാണ് 3500 അടി താഴേയ്ക്ക് വീണത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ബാംഗ്ലൂരില്‍ ഐ.ടി. കമ്പനിയില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളുമായാണ് ഞായാറാഴ്ച നെല്ലിയാമ്പതി കാണാനെത്തിയത്. നാലു പേരടങ്ങുന്ന ഇവര്‍ രണ്ടു ബൈക്കുകളിലായാണ് നെല്ലിയാമ്പതിയിലെത്തിയത്.
സീതാര്‍കുണ്ഡ് വ്യൂപോയിന്റില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സന്ദീപ് ചിത്രമെടുക്കുന്നതിനിടെ വീഴാന്‍ പോകുകയും ഇത് കണ്ട് രഘുനന്ദന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരും കൂടി താഴേയ്ക്ക് വീണതെന്നാണ് സുഹൃത്തുക്കളായ ശരത്തും, സനലും പോലീസില്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിയില്‍ തന്നെ തിരിച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്സും, പോലീസും, വനം വകുപ്പും അടങ്ങുന്ന സംഘം സീതാര്കുണ്ഡിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് തിരിച്ചില്‍ നടത്തുന്നത്.