അറവുശാല നിർമാണം വൈകുന്നു
പാലക്കാട്
സ്ഥലം ഏറ്റെടുക്കാൻ വൈകിയതിനെത്തുടർന്ന് പാലക്കാട്ടെ ആധുനിക അറവുശാലയുടെ നിർമാണം വൈകുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 11.35 കോടി രൂപയുടെ പദ്ധതി കിഫ്‌ബി അംഗീകരിച്ചിട്ടും ബിജെപി ഭരിക്കുന്ന നഗരസഭയ്ക്ക് സ്ഥലമേറ്റെടുക്കാനായില്ല.
റവന്യു വകുപ്പിന്റെ കൈവശമിരിക്കുന്ന പുതുപ്പള്ളിത്തെരുവിലെ ഭൂമിയിലാണ് ആധുനിക അറവുശാല നിർമിക്കേണ്ടത്. ഭൂമി പാട്ടത്തിനെടുത്താൽ വർഷാവർഷം വലിയ തുക ബാധ്യതയാകുമെന്നാണ് നഗരസഭയുടെ വാദം. ഇതാണ് നിർമാണം വൈകുന്നതിനുപിന്നിൽ. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അറവുശാല നിർമാണം വൈകുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്.
നിലവിലെ അറവുശാലയിൽനിന്ന് ഒഴുകുന്ന രക്തവും മറ്റും കലർന്ന മലിനജലവും ദുർഗന്ധവും മൂലം പ്രദേശവാസികൾ പ്രയാസത്തിലാണ്. 2018ൽ അറവുശാലയിലെ മാലിന്യം ഭക്ഷിച്ച് നായ്ക്കളും കാക്കകളും ചത്തു. ദിവസം 100 ആടിനെയും 50 പോത്തിനെയും കശാപ്പുചെയ്യാൻ പുതിയ പ്ലാന്റിൽ കഴിയും.
ആധുനിക രീതിയിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്ലാന്റ്. 2017 മുതൽ പുതിയ പ്ലാന്റ് നിർമാണത്തിന് സ്ഥലം വിട്ടുകിട്ടാൻ റവന്യു വകുപ്പിന് അപേക്ഷ നൽകിയെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും സ്ഥിരം സമിതി അധ്യക്ഷൻ പി സ്മിതേഷ് പറഞ്ഞു.
കിഫ്‌ബി അധികൃതർക്ക് സാങ്കേതിക പ്രശ്നങ്ങൾ സംബന്ധിച്ച് വിവരം നൽകിയിട്ടുണ്ടെന്നും ഉടൻ നിർമാണം ആരംഭിക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കുമെന്നും അറിയിച്ചു.