മുസ്ലിം ജഡ്ജി, മുസ്ലിം പ്രതിക്ക് ജാമ്യം നല്കി’; വര്‍ഗീയ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച അധ്യക്ഷനെതിരേ പരാതി
പാലക്കാട്: ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് വധക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യമനുവദിച്ച കോടതി വിധിക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷനെതിരേ പരാതി. കഴിഞ്ഞ ദിവസം പാലക്കാട് ഡിവൈഎസ്പി ഓഫിസിലേക്ക് സംഘപരിവാര്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് പ്രസംഗിക്കവേയാണ് ജഡ്ജിക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയത്.
യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെതിരേയാണ് വിവരാവകാശ പ്രവര്ത്തകന് കാജാ ഹുസൈന് ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പാലക്കാട് സഞ്ജിത്ത് വധത്തിലെ കുറ്റാരോപിതന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ജാമ്യം നല്കിയ മജിസ്ട്രേറ്റിനെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും ‘ഒരു മുസ്ലിം ജഡ്ജി, മുസ്ലിം പ്രതിക്ക് ജാമ്യം നല്കിയിരിക്കുന്നു’ എന്ന് വര്‍ഗ്ഗീയ പരാമര്‍ശം നടത്തി ജനങ്ങള്‍ക്കിടയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
പാലക്കാട് സഞ്ജിത്ത് വധത്തിലെ പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ ഹക്കീം എന്ന പ്രതിക്കാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ ഈ പ്രതി മുസ്ലിമായത് കൊണ്ടാണ് ജാമ്യം നല്‍കിയത് എന്നും ‘ഒരു മുസ്ലിം ജഡ്ജി, മുസ്ലിം പ്രതിക്ക് ജാമ്യം നല്കിയിരിക്കുന്നു’ എന്നും ഒരു മുസ്ലിം ജഡ്ജി എസ്ഡിപിഐ തീവ്രവാദിക്ക് ജാമ്യം നല്കിയിരിക്കുന്നു എന്നുമായിരുന്നു പ്രശാന്ത് ശിവന് പ്രസംഗിച്ചത്. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുള്ളതാണ്.