മൊബൈൽ ഫോണുകളും പണവും തട്ടിയെടുത്തു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
പാലക്കാട്
ജില്ലാ വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ കൂട്ടിരുപ്പുകാരന്റെ ഫോണുകളും അകൗണ്ടിൽ നിന്ന് പണവും തട്ടിയെടുത്ത കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. മുണ്ടൂർ നാമ്പുള്ളിത്തറ പന്നമലവീട്ടിൽ രമേഷിനെയാണ് (38) പാലക്കാട് നഗരത്തിൽ നിന്ന് ചൊവ്വ രാത്രിയിൽ അറസ്റ്റ് ചെയ്തത്. 12 നായിരുന്നു മോഷണം നടന്നത്. വനിതാ ശിശു ആശുപത്രിയിൽ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച് പുറത്ത് വിശ്രമിക്കുകയായിരുന്ന താണിശ്ശേരി സ്വദേശി രാജുവിന്റെ പക്കൽനിന്ന് 48,500 രൂപ വിലവരുന്ന മൂന്നു മൊബൈൽ ഫോണും 2,200 രൂപയും രമേഷ് മോഷ്ടിച്ചു. തുടർന്ന് ഫോൺലോക്ക് തുറന്ന് പൊലീസെന്ന വ്യാജേന ഫോണുകൾ കണ്ടെത്തിയെന്ന് രാജുവിനെ അറിയിച്ചു. ബാങ്ക് അകൗണ്ടിൽ നിന്ന് പങ്ക് നഷ്ടപ്പെട്ടെന്നും ഗൂഗിൾപേ വഴി പണം തിരികെപ്പിടിക്കാൻ പാസ്‌വേഡ് വേണമെന്നും ധരിപ്പിച്ചു. പാസ്‌വേഡ് നൽകിയതോടെ മോഷ്ടാവ് 20,000 രൂപ പിൻവലിച്ചു. മോഷണത്തിനും ആൾമാറാട്ടം നടത്തിയതിനുമാണ് പ്രതി രമേഷിനെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ഇയാൾക്കെതിരെ സൗത്ത് സ്റ്റേഷനിൽ നാലുകേസുകളും നോർത്ത്, ഒറ്റപ്പാലം, കോങ്ങാട് സ്റ്റേഷനുകളിൽ രണ്ടുവീതം മോഷണകേസുകളും നിലവിലുണ്ട്. തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാൽ നഗരങ്ങളിലെ ലോഡ്ജുകളിൽ താമസിച്ചാണ് മോഷണം നടത്തുന്നത്. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐ എം അജസുദ്ധീൻ, അഡീഷണൽ എസ്‌ഐ കെ പി നാരായണൻകുട്ടി, സീനിയർ സിപിഒമാരായ കെ രമേഷ്, എം സുനിൽ, സിപിഒമാരായ ബി ഷൈജു, ഡി ദിവ്യ, എം രാജുമോൻ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.