ഫോൺവിളിക്കുകയോ മെയിൽ അയയ്ക്കുകയോ ചെയ്താൽ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ യൂണിറ്റ് നിങ്ങളുടെ അടുത്തെത്തും. പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയായ 625 രൂപ നൽകണമെന്ന് മാത്രം. കാലതാമസവും ആളുകളുടെ പ്രയാസവും ഒഴിവാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി ആരംഭിച്ചതെന്ന് ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. കെ. രമാദേവി പറഞ്ഞു.
നിലവിൽ പാലക്കാട് നഗരസഭാപരിധിയിലും ടൗണിന് സമീപമുള്ള പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കെല്ലാം കോവിഡ് പരിശോധന നടത്തേണ്ട സാഹചര്യമുണ്ടായാൽ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ യൂണിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം.
ആവശ്യക്കാർക്ക് coronadhpkd@gmail.com എന്ന ഇ-മെയിലിലോ 9946234467 എന്ന നമ്പറിലോ വിളിച്ച് വിവരങ്ങൾ നൽകാം. ആന്റിജൻ പരിശോധനയാകും നടത്തുക. ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനത്തിലുണ്ടാവുക. ടൗണിലെ പ്രധാന സ്ഥലങ്ങൾ തിരഞ്ഞെടുത്ത് നിശ്ചിതദിവസങ്ങളിൽ ഇവിടെയെത്തി പരിശോധന നടത്തുന്ന വിധത്തിൽ ക്രമീകരണം നടത്താനും പദ്ധതിയുണ്ടെന്ന് കെ. രമാദേവി അറിയിച്ചു.