ഒറ്റപ്പാലം∙ മാന്നനൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ടു 2 പേരെ കാണാതായി. സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണ (23), തൃശൂർ ചേലക്കര പാറയിൽ വീട്ടിൽ മാത്യു ഏബ്രഹാം (23) എന്നിവരാണ് ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാന്നനൂർ ഉരുക്കു തടയണ പ്രദേശത്താണു സംഭവം.
ഗൗതം കൃഷ്ണയും മാത്യു ഏബ്രഹാമും ഉൾപ്പെടെ 7 പേരാണു തടയണ പ്രദേശത്ത് എത്തിയത്. ഒരാൾ തെന്നിവീഴുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരമറിയിച്ച ശേഷമാണു തിരച്ചിൽ തുടങ്ങിയത്. ജനവാസമേഖലയിൽനിന്ന് അൽപം അകലെയാണു തീരം. റെയിൽപാതയും വയൽപ്രദേശവും കടന്നുവേണം ഒരു കിലോമീറ്ററോളം ദൂരത്തുള്ള തീരത്തെത്താൻ.
അവസാന വർഷ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരുമെന്നു പൊലീസ് അറിയിച്ചു. ഭിത്തി തകർന്ന തടയണ പ്രദേശത്തു 3 വർഷത്തിലേറെയായി പുഴ വഴിമാറി വയൽപ്രദേശത്തു കൂടിയാണ് ഒഴുകുന്നത്. ഷൊർണൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും ഒറ്റപ്പാലം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിൽ രാത്രി എട്ടോടെ അവസാനിപ്പിച്ചു. പുഴയിലെ ഒഴുക്കും മഴയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്നു പൊലീസ് അറിയിച്ചു.